സഹപാഠികൾ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന് പോലീസ്

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള മനോവിഷമമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ പോലീസ് ഉദ്യോഗസ്ഥർക്കും മജിസ്ട്രേറ്റിനും മുമ്പാകെ പെൺകുട്ടി നൽകിയ മൊഴികളിൽ പീഡനം നടന്നതായി എവിടെയും സൂചിപ്പിച്ചിരുന്നില്ല. കൂടാതെ, വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നും തെളിഞ്ഞു.
ഇതിനു പിന്നാലെ, പെൺകുട്ടി മൊഴി മാറ്റുകയും ചെയ്തിരുന്നു. പരാതിയെത്തുടർന്ന് പത്ത് പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തുകയും അവരിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും വൈദ്യപരിശോധനാ ഫലവും പുറത്തുവന്നതോടെ കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചു. സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡനം നടന്നെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
https://www.worldm.news/keralam/complaint-alleging-that-eight--32049