തൃശൂരിനെ ജനസാഗരമാക്കി പ്രധാനമന്ത്രി : പ്രസംഗത്തിൽ ഇടതുവലതുമുന്നണികൾക്കെതിരെ രൂക്ഷ വിമർശനം

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പ്രവര്‍ത്തകരെ ഇളക്കി മറിച്ച  ഷോയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗo തൃശൂരിലെത്തിയപ്രധാനമന്ത്രിയെ പുഷ്‌പവൃഷ്‌ടി നടത്തിയാണ് പ്രവർത്തകർ സ്വീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പ്രവർത്തകരെയും റോഡിനിരുവശത്തു നിന്നവരെയുമെല്ലാം മോദിയെ  അഭിവാദ്യം ചെയ്‌തു. റോഡിനിരുവശത്തും നിന്ന ജനങ്ങൾ ജയ് വിളിച്ചും പുഷ്‌പവൃഷ്‌ടി നടത്തിയും പ്രധാനമന്ത്രിയെ വരവേറ്റു. തൃശ്ശൂർ ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികള്‍ക്ക് പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള സൗകര്യം റോഡ് ഷോയ്‌ക്ക് ശേഷം ഒരുക്കിയിരുന്നു.



കനത്ത സുരക്ഷ സന്നാഹങ്ങളോടെയായിരുന്നു പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം സ്വരാജ് റൗണ്ടിലൂടെകടന്നുപോയത്. കത്തുന്ന വേനൽ ചൂടിലും പ്രചാരണ ചൂട് ഒട്ടും കുറയാതെ പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ജില്ലയിൽ എത്തിച്ചേർന്ന് കാത്തുനിന്നത്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ പ്രചാരണ പരിപാടികൾക്കായി നേരിട്ടത്തിയത് അണികളിൽ ആവേശം നിറച്ചുകഴിഞ്ഞു.

പാലക്കാട്  കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ച് തുടങ്ങിയ പ്രസംഗo

 എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ പൊതുവേദിയിൽ തടിച്ചുകൂടിയ പ്രവർത്തകർക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ച് തുടങ്ങിയ പ്രസംഗത്തിൽ പാലക്കാടിൻ്റെ പ്രകൃതി സൗന്ദര്യം വർണിക്കുകയും കേരളത്തിലേക്കുള്ള കവാടമായ പാലക്കാട് ബിജെപിയുടെയു പ്രവേശന കവാടമാണെന്നും കാശിയില്‍ നിന്ന് വരുന്ന തനിക്ക് കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു.

കേരളത്തിൽ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിൻ്റെ സന്ദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും എൻഡിഎയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം മോദിയുടെ ഗ്യാരൻ്റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു.ഇടത് വലത് മുന്നണികൾ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പിൽ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. കേരളത്തിലെ മഹാന്മാരെ മോദി തൻ്റെ പ്രസംഗത്തിൽ പേരെടുത്ത് പറഞ്ഞു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികൾക്ക് ഞാൻ പ്രണാമം അർപ്പിക്കുന്നു,' മോദി പറഞ്ഞു.

എൽഡിഎഫിനെതിരെയും കോൺഗ്രസിനെതിരെയും അദ്ദേഹം തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.പാലക്കാടിന് നൽകിയ വികസന പദ്ധതികൾ  മോദി എടുത്ത് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടായപ്പോൾ പാലക്കാട് ഐഐടി വന്നു, നാഷണൽ ഹൈവേയുടെ വികസനം നടന്നു, പാലക്കാട് സ്‌മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായെന്നും മോദി കൂട്ടിച്ചേർത്തു. പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്‌ടിച്ചു. മറ്റൊരു കോൺഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായപോള്‍ പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയ ചരിത്രമാണ് മുമ്പുള്ളത്. സുരേഷ് ഗോപി 73,000ലേറെ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ശക്തമായ ത്രികോണ മത്സരം ആയിരുന്നു തൃശ്ശൂരില്‍ നടന്നത്. ഇത് സ്ഥാനാര്‍ത്ഥികളായ സിപിഐയുടെ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും കെ മുരളീധരനും പരാജയപ്പെട്ടു. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് ആണ് പിന്തള്ളപ്പെട്ടത്.