‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ,": മുൻ കേരളാ ഡിജിപിയുടേയും സഹപാർട്ടിപ്രവർത്തകരുടേയും പ്രതിഷേധ പ്രകടനം
തിരുവനന്തപുരം : ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ,കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ’.കേരളാ പൊലീസിനെതിരെ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുന്നത് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ. കൂടെ ബിജെപി പ്രവർത്തകരും . നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മഴയേയും അവഗണിച്ചായിരുന്നു ആദ്യ വനിതാ ഡിജിപി പൊലീസിനെതിരെ ഇന്ന് പ്രതിഷേധിച്ചത്.

കേരളാ പൊലീസിൻ്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്നു ആർ. ശ്രീലേഖ. വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ശ്രീലേഖ, മുൻ സഹപ്രവർത്തകർക്കെതിരേ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നതിനാണ് തിരുവനന്തപുരം സാക്ഷിയായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും. കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’ ഇങ്ങനെപോകുന്നു കേരളാപോലീസിനെതിരെയുള്ള മുൻഡിജിപിയുടേയും സഹപ്രവർത്തകരുടെയും മുദ്രാവാക്യം വിളി.

