പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നഎംപിമാരെ അയോഗ്യരാക്കാൻ രാഷ്‌ട്രപതിയെ കാണുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നഎംപിമാരെ അയോഗ്യരാക്കാൻ രാഷ്‌ട്രപതിയെ കാണുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എം പിമാരെ നേരിടാന്‍ ആം ആദ്‌മി പാര്‍ട്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാനിനെത്തന്നെ രംഗത്തിറക്കുന്നു. രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ചയ്ക്ക് സമയം തേടിയ ഭഗവന്ത് മാന്‍ രാജ്യ സഭാ എം പി മാരെ തിരിച്ചുവിളിക്കാനുള്ള അവകാശം അനുവദിക്കണമെന്നാണ് ആവശ്യപ്പെടാന്‍ പോകുന്നത്. പഞ്ചാബില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എമാരേയും ഒപ്പം കൂട്ടിയാണ് യാത്ര.പഞ്ചാബില്‍ നിന്നുള്ള എംഎല്‍എമാരുമായി രാഷ്ട്രപതിയെക്കാണാന്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അനുമതി തേടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കി. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനാണ് കൂടിക്കാഴ്‌ചയിലൂടെ ലക്ഷ്യമിടുന്നത്.

അതിനിടെ കൂറുമാറിയ ഏഴ് ആം ആദ്‌മി പാര്‍ട്ടി എംപിമാരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് കത്തയക്കുമെന്ന് രാജ്യസഭാ എം പി സഞ്ജയ് സിങ്ങ് വ്യക്തമാക്കി. "ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഒരു വിധത്തിലുമുള്ള കൂറുമാറ്റമോ പിളര്‍പ്പോ പാടില്ലെന്ന് കൂറുമാറ്റ നിരോധന നിയമം തന്നെ പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ പിളര്‍ന്നു മാറിയാലും അതിന് നിയമപരമായി നിലനില്‍പ്പില്ല. ഭരണഘടനയുടെ പത്താം പട്ടികയിലോ കൂറുമാറ്റ നിരോധന നിയമത്തിലോ ഇത്തരം പിളര്‍പ്പുകളെ അംഗീകരിക്കുന്നില്ല,” സഞ്ജയ് സിങ്ങ് പറഞ്ഞു.ഏപ്രില്‍ 24 ന് വെള്ളിയാഴ്‌ചയാണ് രാഘവ് ഛദ്ദയും മറ്റ് ആറ് ആം ആദ്മി പാര്‍ട്ടി രാജ്യ സഭാ എം പിമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ എം പി മാരുടെ ഈ നീക്കം ആം ആദ്‌മി പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടി വിട്ട എം പി മാരില്‍ ആറു പേര്‍ പഞ്ചാബുകാരാണെന്നതും ആം ആദ്മി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നു.

രാജ്യ സഭാ എം പിമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതിനു പുറകേ പഞ്ചാബിലെ ആം ആദ്മി എം എല്‍ എമാര്‍ക്കിടയിലും പിളര്‍പ്പിന് സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളൊക്കെ വെറും നുണയാണെന്ന് പാര്‍ട്ടി രാജ്യ സഭാ എം പി സഞ്ജയ് സിങ്ങ് വ്യക്തമാക്കി. മുഴുവന്‍ എം എല്‍എമാരും എം പിമാരും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അവര്‍ സന്തുഷ്ടരാണ്. സൗജന്യ വൈദ്യുതി, ചികില്‍സാ സൗകര്യങ്ങള്‍, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, വനിതകള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ തുടങ്ങി പഞ്ചാബില്‍ പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപി വിറളി പൂണ്ടിരിക്കുകയാണ്.ഗുജറാത്തിലടക്കം ആം ആദ്മി പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുന്നതില്‍ ബിജെപി നേതൃത്വം ഭീതിയിലാണ്. പാര്‍ട്ടിയുടെ ഫേസ് ബുക്ക് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ പേജുകള്‍ സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇതിന്‍റെ തെളിവാണ്. ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിക്കെന്നും സഞ്ജയ് സിങ്ങ് ആരോപിച്ചു.

അതേസമയം ആം ആദ്മി പാര്‍ട്ടി ഒപ്പം നിന്നവരെ വഞ്ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് ബാസുരി സ്വരാജും ഡല്‍ഹി മന്ത്രി പ്രവേഷ് വര്‍മ്മയും ആരോപിച്ചു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ ലോദി എസ്റ്റേറ്റിലെ പുതിയ വീടിന്‍റെ ലേ ഔട്ട് മാപ്പുമായാണ് മന്ത്രി വാര്‍ത്താ ലമ്മേളനം നടത്തിയത്. സാധാരണക്കാരനെപ്പോലെ ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്ത കെജരിവാള്‍ ആഡംബരത്തിന്‍റെ ഉച്ചകോടിയിലാണ് കഴിയുന്നതെന്ന് വീട്ടിന്‍റെ ചിത്രങ്ങളുയര്‍ത്തി അദ്ദേഹം ആരോപിച്ചു.കെജരിവാള്‍ 95 ലോദി എസ്റ്റേറ്റിലെ പുതിയ വീട്ടിലേക്ക് മാറിയെന്ന് ഇന്നലെയാണ് ഞങ്ങള്‍ അറിഞ്ഞത്. അത് സാധാരണ വസതിയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ലേ ഔട്ട് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഈ വീടിന്‍റെ ഓരോ ഭാഗവും അലങ്കരിക്കുന്നതിന് അദ്ദേഹം നടത്തിയ ആസൂത്രണത്തിന്‍റെ ചെറിയ ഒരംശം ഉപയോഗിച്ചിരുന്നെങ്കില്‍ ഡല്‍ഹിയിലെ ദാരിദ്യവും മലിനീകരണവും മാറ്റാനാകുമായിരുന്നു. പാവങ്ങളിലേക്ക് വികസന നേട്ടങ്ങള്‍ എത്തിക്കാനാകുമായിരുന്നു. അരവിന്ദ് കെജരിവാള്‍ തന്‍റെ കൊട്ടാര സദൃശമായ വീട് പണിയുന്നതിന്‍റെ തിരക്കിലായതിനാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയേയോ ജനങ്ങളേയോ കുറിച്ച് ചിന്തിക്കാന്‍ നേരമില്ലായിരുന്നു. അതു കൊണ്ടാണ് അദ്ദേഹവുമായി അടുത്തവര്‍തന്നെ പാര്‍ട്ടി വിട്ടതെന്നും പ്രവേഷ് വര്‍മ്മ ആരോപിച്ചു.