"റെയ്‌ഡ്; രാഷ്ട്രീയ പ്രേരിതo, ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു "

"റെയ്‌ഡ്; രാഷ്ട്രീയ പ്രേരിതo, ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു "

കോട്ടയം: ഇഡി റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമെന്നും ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും സിഐടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിൻ്റെ പരാജയമാണിതെന്നും പിണറായിയെ പോലെ ഒരു നേതാവിന് നേരെ വരുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് പൊലീസിന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ നടന്ന ഇഡി റെയ്‌ഡിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണം എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവമാണ്. അങ്ങനെ ഒരു ആക്രമണം സിപിഎം മുൻകൂട്ടി തീരുമാനിച്ചതല്ല. അങ്ങനെ ആയിരുന്നെങ്കിൽ മറ്റ് സ്ഥലങ്ങളിലും ആക്രമണം ഉണ്ടാകുമായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സിപിഎം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ഹൈക്കോടതി തന്നെ ഈ വിഷയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻപ് നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ ഒരു വിധി വന്നപ്പോൾ പെട്ടെന്ന് 12 കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി ഒരു ഭീകരാവസ്ഥ സൃഷ്‌ടിക്കാൻ ഇഡി ശ്രമിക്കുകയാണെന്നും എളമരം കരീം പറഞ്ഞു.

പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് നടപടി രാഷ്ട്രീയ പകപോക്കലിൻ്റെ ഉദാഹരണമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി പറഞ്ഞു. "ഇന്നലെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം. ശാന്തമായ അന്തരീക്ഷം ഉണ്ടായതിനു ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങണം ആയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ യാതൊരു ഉദ്ദേശവും ഉണ്ടായിട്ടില്ല. പൊലീസ് പാർട്ടി ഓഫിസ് റെയ്‌ഡ്‌ ചെയ്യാൻ ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യാറില്ല. പൊലീസിൻ്റെ ഭാഗത്തു നിന്ന് വീഴ്‌ച ഉണ്ടായി. പാർട്ടി പ്രവർത്തകർക്ക് എതിരെ ഉള്ള കേസുകൾ നിയമപരമായി തന്നെ നേരിടും," വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.