എൻ.ആർ.ഐ നിക്ഷേപ നിയമങ്ങൾ ആർ.ബി.ഐ ലളിതമാക്കി; നിക്ഷേപ പരിധി ഉയർത്തി

മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിൽ നിക്ഷേപം നടത്തുന്നത് കൂടുതൽ എളുപ്പമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫണ്ട് കൈമാറ്റ നടപടികൾ ലളിതമാക്കുക, നിക്ഷേപ പരിധി ഉയർത്തുക, പണം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുക എന്നിവയാണ് പുതിയ പരിഷ്കാരങ്ങളിൽ പ്രധാനം. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് പുതിയ നിയമങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സജീവ ഓഹരി നിക്ഷേപകർ, ഉയർന്ന വരുമാനമുള്ള പ്രവാസി പ്രൊഫഷണലുകൾ, ദീർഘകാല സമ്പാദ്യം ലക്ഷ്യമിടുന്ന യുവ നിക്ഷേപകർ എന്നിവർക്കാണ് ഈ പരിഷ്കാരം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക.
പ്രധാന പരിഷ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:
ഒറ്റ അക്കൗണ്ട് സംവിധാനം: ഇനി മുതൽ പ്രവാസികൾക്ക് ഇന്ത്യയിലെ ഓഹരികളിലും മറ്റ് അംഗീകൃത ആസ്തികളിലും നിക്ഷേപം നടത്തുന്നതിനും, ഓഹരികൾ വിറ്റഴിച്ചുള്ള തുക കൈപ്പറ്റുന്നതിനും, അത് പുനർനിക്ഷേപം നടത്തുന്നതിനും ഒരൊറ്റ നിക്ഷേപ അക്കൗണ്ട് ഉപയോഗിച്ചാൽ മതിയാകും. നികുതികൾ അടച്ചതിന് ശേഷം ഈ അക്കൗണ്ടിൽ നിന്നുള്ള പണം വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനും സാധിക്കും. ഇത് ബാങ്ക് അക്കൗണ്ടുകളുടെ സങ്കീർണതകളും പേപ്പർ ജോലികളും ഗണ്യമായി കുറയ്ക്കും.
വിദേശത്തേക്ക് പണം എളുപ്പത്തിൽ മാറ്റാം: നിക്ഷേപങ്ങൾ വിറ്റഴിക്കുകയും അതിനുള്ള നികുതി കൃത്യമായി അടക്കുകയും ചെയ്ത ശേഷം പ്രവാസികൾക്ക് ആ തുക പുനർനിക്ഷേപത്തിനായി അതേ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയോ അല്ലെങ്കിൽ വിദേശത്തേക്ക് നേരിട്ട് അയക്കുകയോ ചെയ്യാം.
നിക്ഷേപ പരിധി ഉയർത്തി: ഒരു ലിസ്റ്റഡ് ഇന്ത്യൻ കമ്പനിയിൽ വ്യക്തിഗത പ്രവാസിക്കുള്ള നിക്ഷേപ പരിധി 5 ശതമാനത്തിൽ നിന്നും 10 ശതമാനമായി ഉയർത്തി. കൂടാതെ, മൊത്തം വിദേശ വ്യക്തിഗത നിക്ഷേപ പരിധി 10 ശതമാനത്തിൽ നിന്നും 24ശതമാനമാക്കിയും*വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികളിൽ കൂടുതൽ മൂലധനം നിക്ഷേപിക്കാൻ ഇത് പ്രവാസികൾക്ക് അവസരമൊരുക്കും.
എഫ്.സി.എൻ.ആർ (ബി) നേട്ടങ്ങൾ: എഫ്.സി.എൻ.ആർ (ബി) - ഫോറിൻ കറൻസി നോൺ-റെസിഡന്റ് നിക്ഷേപങ്ങൾക്കുള്ള ഹെഡ്ജിംഗ് ചെലവുകൾ (വിനിമയ നിരക്കിലെ വ്യത്യാസം മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനുള്ള ചിലവ്) താൽക്കാലികമായി സർക്കാർ തന്നെ വഹിക്കും. ഇത് വിദേശ കറൻസി നിക്ഷേപങ്ങൾക്ക് കൂടുതൽ ലാഭം ഉറപ്പാക്കാൻ സഹായിക്കും.
പുതിയ പരിഷ്കാരങ്ങളോടെ യു.എ.ഇയിൽ നിന്നുള്ള പണം കൂടുതൽ കാര്യക്ഷമമായി ഇന്ത്യയിലേക്ക് അയക്കാനും ഇന്ത്യൻ ഓഹരി വിപണിയിൽ എളുപ്പത്തിൽ നിക്ഷേപിക്കാനും പ്രവാസികൾക്ക് സാധിക്കും.