Keralam
തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം; 5 പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: വെമ്പായം ഹാപ്പി ലാൻഡ് അമ്യുസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി .റൈഡില്‍ 30ലധികം ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചു. 5പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നാഗർകോവില്‍ സ്വദേശികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി .ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് ((16) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.