ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

എറണാകുളം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് അനുവദിച്ച ജാമ്യം ചോദ്യം ചെയ്താണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, ജാമ്യം അനുവദിച്ചുകൊണ്ട് വിജിലൻസ് കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ഹൈക്കോടതി റദ്ദാക്കി. അന്വേഷണ ഘട്ടത്തിൽ തന്നെ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ലെന്ന തരത്തിൽ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളാണ് ഹൈക്കോടതി നീക്കം ചെയ്തത്.

അന്വേഷണത്തെ ബാധിച്ചേക്കാവുന്ന രീതിയിലുള്ള ഇത്തരം പരാമർശങ്ങൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരാമെന്നും, കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്വർണശേഖരവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് തന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷണ സംഘം കണ്ടെത്തലുകൾ നടത്തിയത്.