ശബരിമല വിഷൻ പ്ലാൻ; ആദ്യ ബാച്ച് ജീവനക്കാരുടെ പരിശീലനം ആരംഭിച്ചു

ശബരിമല വിഷൻ പ്ലാൻ; ആദ്യ ബാച്ച് ജീവനക്കാരുടെ പരിശീലനം ആരംഭിച്ചു

പത്തനംതിട്ട: ശബരിമല വിഷൻ പ്ലാനിന്‍റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം നൽകിയ പരിശീലന കേന്ദ്രത്തില്‍ ജീവനക്കാരുടെ ആദ്യ ബാച്ചിന്‍റെ പരിശീലന പരിപാടി ആരംഭിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ നിർവഹിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഏഴു ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാകുക. തുടർന്ന് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനമുറപ്പാക്കും.ശബരിമലയിലേക്ക് നിയോഗിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്കും പരിശീലനം നൽകിയ ശേഷം ആയിരിക്കും വരുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുതൽ ഡ്യൂട്ടിക്ക് നിയോഗിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഭക്തജന സൗഹൃദവും ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.

ബി. ദീപ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി.ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി. എൻ.ഗണേശ്വരൻ പോറ്റി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.നിലവിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ഓ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ പതിവുകളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് ചമ്പക്കുളം സ്വദേശിനിയായ ബി.ദീപ ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.