വൈറ്റ് ഹൗസിൽ അത്താഴ വിരുന്നിനിടെ വെടിവയ്‌പ്പ്; ട്രംപ് രക്ഷപ്പെട്ടു

വൈറ്റ് ഹൗസിൽ അത്താഴ വിരുന്നിനിടെ വെടിവയ്‌പ്പ്; ട്രംപ്  രക്ഷപ്പെട്ടു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ വെടിവയ്‌പ്പ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ അത്താഴവിരുന്നിനിടെ ആയിരുന്നു വെടിവെപ്പുണ്ടായത്. ട്രംപും മറ്റ് നേതാക്കളും സുരക്ഷിതാരാണെന്നും അക്രമിയെ പിടികൂടിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.വാഷിങ്ടണിലെ ഹിൽടൺ ഹോട്ടലിൽ വൈറ്റ് ഹൗസിലെ കറസ്‌പോണ്ടൻ്റ് അസോസിയേഷൻ്റെ ചടങ്ങിലായിരുന്നു സംഭവം. പ്രസിഡൻ്റ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് തുടങ്ങി മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ ഉണ്ടായിരുന്നു.

രാത്രി ഏകദേശം 8:30-ഓടെയാണ് വെടിയൊച്ചകൾ കേട്ടുതുടങ്ങിയത്. ചടങ്ങുകൾ നടന്നുകൊണ്ടിരുന്ന ബാൾറൂമിന് പുറത്തുള്ള സെക്യൂരിറ്റി ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് വെടിവയ്പ്പ്‌ നടന്നതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. എട്ടോളം വെടിയൊച്ചകൾ മുഴങ്ങിയതായി ചടങ്ങിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. വെടിയൊച്ച കേട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും മേശകൾക്ക് താഴെ ഒളിച്ചിരുന്നും മറ്റും ജീവൻ രക്ഷിക്കാൻ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

അഞ്ച് മുതൽ എട്ട് വരെ വെടിയൊച്ചകൾ കേട്ടതായി ദൃസാക്ഷികൾ പറയുന്നു. വലിയ ശബ്‌ദത്തോടെയായിരുന്നു വെടിവയ്‌പ്പ് നടത്തിയത്. ഉടൻ തന്നെ സീക്രട്ട് ഏജൻ്റുമാർ എത്തി ട്രംപിനെയും ജെ ഡി വാൻസിനെയും ഉന്നത ഉദ്യോഗസ്ഥരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. വെടിവയ്‌പ്പിൽ ആർക്കും വെടിയേറ്റതായോ, പരിക്കേറ്റതായോ റിപ്പോർട്ടുകൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.അതേസമയം ആയുധധാരിയെ പിടികൂടിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ആരാണ് ഇത് ചെയ്‌തതെന്നോ എന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അപകടത്തെ തുടർന്ന് ആദ്യ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വെടിവെയ്‌പ്പ് നടന്ന സമയം അതിശയകരമായി ജോലി ചെയ്‌ത സീക്രട്ട് ഏജൻ്റിനെയും നിയമ നിർവ്വഹണ സേനയെയും അദ്ദേഹം പ്രശംസിച്ചു. വെടിവെയ്‌പ്പ് നടത്തിയ ആളെ പിടികൂടിയതായും അദ്ദേഹം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.അതേസമയം കറസ്പോ‌ണ്ടൻ്റ് അസോസിയേഷൻ്റെ പരിപാടി തുടരാൻ അനുവദിക്കണമെന്ന് താൻ ശുപാർശ ചെയ്‌തിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. പക്ഷെ ഇത് പൂർണമായും നിയമ നിർവ്വഹണ ഏജൻസിയുടെ മാർഗനിർദ്ദേശം പ്രകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ വനിതയും വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും എല്ലാ കാബിനിറ്റ് അംഗങ്ങളും പൂർണ ആരോഗ്യവാൻമാരാണ്. അരമണിക്കൂറിനുള്ളിൽ താൻ ഒരു പത്രസമ്മേളനം നടത്തുമെന്നും നിങ്ങളുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ

പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അടക്കമുള്ള അതിപ്രധാന വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനിടെയുണ്ടായ ഈ സുരക്ഷാ വീഴ്‌ച യുഎസ് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. കനത്ത സുരക്ഷാ പരിശോധനകൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് ആയുധവുമായി ഒരാൾക്ക് എങ്ങനെ പ്രവേശിക്കാനായി എന്നത് സംബന്ധിച്ച് എഫ്.ബി.ഐയും (FBI) സീക്രട്ട് സർവീസും അന്വേഷണം ആരംഭിച്ചു.