"എഫ്-35 വെടിവെച്ചിടുക എന്നത് ചെറിയ കാര്യമല്ല" : ഗാലിബാഫ്. യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ച് ഇറാൻ
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിച്ചുവെന്ന് പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. സംഘര്‍ഷത്തില്‍ അമേരിക്ക മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ഒന്നും തന്നെ നേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ വ്യോമസേനയെ ഇല്ലാതാക്കാനോ, നാവികസേനയെ നശിപ്പിക്കാനോ, മിസൈൽ ശേഷി ദുര്‍ബലപ്പെടുത്താനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ശത്രുവിന് കഴിഞ്ഞില്ലെന്നും, ഇത് പരാജയമാണെന്നും അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു.യുദ്ധക്കളത്തിലെ വിജയികളായതിനാൽ മാത്രമാണ് ഇറാന്‍ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചതെന്നും സ്‌പീക്കര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇറാൻ വിജയിച്ചുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് മനസിലായത് കൊണ്ടാണ് അവര്‍ വെടിനിര്‍ത്തല്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ചില വിഷയങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും, നിരവധി വിഷയങ്ങള്‍ അനിശ്ചിതത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇറാൻ്റെ ശക്തമായ ഭരണകൂടത്തെ മാറ്റാനോ , യുറേനിയം നശിപ്പിക്കാനോ ആണവ ശേഷി ഇല്ലാതാക്കാനോ അവര്‍ക്ക് കഴിഞ്ഞില്ലെന്നും, ഇറാന്‍ വെനിസ്വേലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "മുന്നറിയിപ്പുകൾ നൽകിക്കൊണ്ടും സമയപരിധി നിശ്ചയിച്ചുകൊണ്ടും ശത്രുക്കൾ ലക്ഷ്യങ്ങൾ നേടുന്നതില്‍ നിന്ന് പരാജയപ്പെട്ടു. അതിനാൽ ഇടനിലക്കാർ വഴി സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയിരിക്കുന്നു" സ്‌പീക്കറെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോർട്ട് ചെയ്‌തു.
മികച്ച സാമ്പത്തിക, ഭൗതിക ശേഷികൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ശത്രുവിനെ അസമമായ യുദ്ധ തന്ത്രം സ്വീകരിച്ചുകൊണ്ട് പ്രതിരോധിച്ചുവെന്ന് ഗാലിബാഫ് അഭിപ്രായപ്പെട്ടു. എതിരാളിയുടെ പരാജയം വിഭവങ്ങളുടെ അഭാവത്താലല്ല, മറിച്ച് ഒരു വികലമായ തന്ത്രത്താലാണെന്ന് അദ്ദേഹം വാദിച്ചു. ശത്രുവിന് പണവും വിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും ശരിയായി പ്രവർത്തിക്കാന്‍ കഴിഞ്ഞില്ല. സംഘര്‍ഷ സമയത്തും അവര്‍ തന്ത്രപരമായ തെറ്റുകള്‍ ചെയ്‌തു. സൈനിക നടപടികളിലും അവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. യുദ്ധത്തില്‍ തങ്ങളുടെ ജനങ്ങളെക്കുറിച്ച് അവര്‍ യാതൊന്നും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യുഎസിൻ്റെ സൈനിക മേധാവിത്വത്തെ അംഗീകരിച്ച ഖലിബാഫ് യുദ്ധ ആസൂത്രണത്തിലൂം തയ്യാറെടുപ്പിലും ഇറാൻ കൂടുതൽ ശക്തരാണെന്ന് അഭിപ്രായപ്പെട്ടു. "സൈനിക ശക്തിയിൽ ഞങ്ങൾ അമേരിക്കയേക്കാൾ ശക്തരല്ല. അവർക്ക് കൂടുതൽ പണവും ഉപകരണങ്ങളും വിഭവങ്ങളും ഉണ്ടെന്ന് വ്യക്തമാണ്. കൂടാതെ അവർ ലോകമെമ്പാടും വളരെയധികം ആക്രമണം നടത്തിയതിനാൽ അവരുടെ അനുഭവവും നമ്മുടേതിനേക്കാൾ വലുതാണ്. എന്നാല്‍ ഭൗതിക ശക്തി എന്നത് വിജയം ഉറപ്പാക്കുന്നില്ല" അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടം സ്വന്തം പ്രഖ്യാപിത നയത്തേക്കാൾ ഇസ്രയേലിന് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലോകത്ത് എല്ലാത്തിനും അമേരിക്ക ആദ്യം ആകണമെന്ന് ട്രംപ് അവകാശപ്പെടുന്നെങ്കിലും പ്രായോഗികമായി, ഇസ്രയേലിന് മുന്‍ഗണന നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിൻ്റെ പല തെറ്റായ തീരുമാനങ്ങളും അമേരിക്കയും കൈകൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.വെടിനിർത്തൽ കരാർ തങ്ങള്‍ അംഗീകരിച്ചുവെന്നും ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. "രാഷ്ട്രത്തിൻ്റെ അവകാശങ്ങൾ ഏകീകരിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. നയതന്ത്ര മേഖലയിൽ ഒരു കീഴടങ്ങലും ഉണ്ടാകില്ലെന്ന് ഉറപ്പാണ്" ഖലീബാഫ് പറഞ്ഞതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. സൈനിക ശക്തിയിലൂടെയോ അന്ത്യശാസനങ്ങളിലൂടെയോ ഇറാന് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ശത്രുക്കള്‍ പരോക്ഷ ആശയവിനിമയത്തിലേക്ക് തിരിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഉപരോധം പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; സമാധാന കരാർ ഇനിയും അകലെയെന്ന് മുന്നറിയിപ്പ്
ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അമേരിക്ക പിൻവലിക്കുന്നത് വരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അന്തിമ സമാധാന കരാറിലെത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.അമേരിക്കയുമായി നടത്തുന്ന ചർച്ചകളിൽ "പുരോഗതി" ഉണ്ടായിട്ടുണ്ടെങ്കിലും പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ടെന്നും ചില അടിസ്ഥാന വിഷയങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഇസ്രയേലും അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിലെ ഇറാനിയൻ പ്രതിനിധികളിൽ ഒരാളാണ് ഗാലിബാഫ്. അന്തിമ ചർച്ചകളിൽ നിന്ന് നമ്മൾ ഇപ്പോഴും ഏറെ അകലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക - ഇറാന്‍ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍
ഇസ്ലമാബാദില്‍ വച്ച് നടന്ന അമേരിക്ക - ഇറാന്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തി. ഹോർമുസ് കടലിടുക്കില്‍ സ്ഥാപിച്ചിരിക്കുന്ന നാവിക ഖനികൾ നീക്കം ചെയ്യുന്നതില്‍ നിന്ന് അമേരിക്ക ഉടന്‍ പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.ജലപാതയിലെ ഖനികൾ നീക്കം ചെയ്യാനുള്ള യുഎസ് ശ്രമങ്ങളെ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘനമായാണ് കാണുന്നതെന്നും, ഖനികൾ നീക്കം ചെയ്യല്‍ അമേരിക്ക തുടര്‍ന്നാല്‍ തങ്ങൾ തീർച്ചയായും അവരെ വെടിവയ്ക്കുമെന്നും, പിന്തിരിയാന്‍ 15 മിനിട്ട് മാത്രമാണ് ഇറാന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇരുപക്ഷവും സംഘര്‍ഷത്തിലേക്ക് അടുത്തുവെന്നും ഒടുവില്‍ ശത്രുവായ അമേരിക്ക പിന്‍വാങ്ങിയെന്നും സ്‌പീക്കര്‍ പറഞ്ഞു.
അമേരിക്ക കുറച്ചു ദിവസങ്ങളായി ഉപരോധം പ്രഖ്യാപിക്കുകയാണ്. ഇത് ഒരു വിചിത്രവും വിവരമില്ലാത്തതുമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ സംഘര്‍ഷം മുറുകിയതോടെ ഹോർമുസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് പ്രതിനിധി സംഘത്തോട് ആവർത്തിച്ചതായും അദ്ദേഹം ഇറാനിലെ ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ടെഹ്‌റാൻ യുഎസ് ഉദ്യോഗസ്ഥരുമായി പുതിയൊരു റൗണ്ട് നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറല്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്‌സദെ പറഞ്ഞു. ഇറാൻ്റെ സമ്പുഷ്‌ടമായ ഒരു വസ്‌തുക്കളും അമേരിക്കയ്‌ക്ക് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് നിലവിലുള്ള ഏതൊരു ആശങ്കയും പരിഹരിക്കാൻ തയ്യാറാണെങ്കിലും ചില വിഷയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു