നൃത്തനൃത്യങ്ങളുടെ മാമാങ്കമായ ‘ഗുംഗ്രൂ- ദേശീയ നൃത്തോത്സവം'ജൂൺ 21ന്

 നൃത്തനൃത്യങ്ങളുടെ മാമാങ്കമായ  ‘ഗുംഗ്രൂ- ദേശീയ നൃത്തോത്സവം'ജൂൺ 21ന്

മുംബൈ : നിരവധി മെഗാഷോകളുടെ  അവതാരകയും സംഘാടകയുമായി മുംബൈയിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ സിന്ധുനായർ നേതൃത്വം  നൽകുന്ന ‘ഗുംഗ്രൂ ( Ghungroo) ദേശീയ നൃത്തോത്സവം' സീസൺ - 6, നവിമുംബൈയിലെ വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ അരങ്ങേറും. 

ജൂൺ 21( ഞായർ )ന് രാവിലെ 8 മണിമുതൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന, വിസ്മയിപ്പിക്കുന്ന നൃത്യനൃത്ത ഉത്സവത്തിനാണ് സിന്ധുനായർ ആറാം  വർഷവും ഇവിടെ വേദിയൊരുക്കുന്നത് .

ദേശീയ , അന്തർദേശീയ നൃത്ത കലാരൂപങ്ങൾ സമന്വയിക്കുന്ന  വേദിയിൽ  രാജ്യത്തെ നൂറിലധികം നൃത്ത സംഘങ്ങളിൽ നിന്നായി ആയിരത്തിഅഞ്ഞൂറിലധികം  കലാകാരന്മാർ പങ്കെടുക്കും .2020ൽ ആരംഭിച്ച ‘ഗുംഗ്രൂ ദേശീയ നൃത്തോത്സവം’ അവതരണത്തിലെ വ്യത്യസ്തത, മികവാർന്ന പ്രകടനങ്ങൾ, അഭൂതപൂർവമായ സ്വീകാര്യത , പ്രേക്ഷകരെ ആകർഷിക്കുന്ന വെവിധ്യത എന്നിവകൊണ്ട് ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്.ഇന്ത്യയുടെ വിവിധ ദേശങ്ങളിലുള്ള പാരമ്പര്യ നൃത്തശൈലികൾക്കൊപ്പം സമകാലിക (contemporary)നടന രീതികളും സമന്വയിക്കുന്ന ഒരു നൃത്ത വേദി എന്നനിലയിലാണ് ‘ഗുംഗ്രൂ’വിന് ദേശഭാഷകൾക്ക് അതീതമായുള്ള ഒരു പ്രേക്ഷക സദസ്സിനെ സൃഷ്ട്ടിക്കാൻ സാധിച്ചത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ് .ഭരതനാട്യം ,മോഹിനിയാട്ടം ,തിരുവാതിരക്കളി ,കഥക് ,ഒഡീസി ,കുച്ചുപ്പുടി ,ലാവണി ,കാശ്മീരി ,സബൽപുരി ,നാടോടിനൃത്തങ്ങൾ ,സിനിമാറ്റിക് ,ഫ്യുഷൻ തുടങ്ങി നൃത്തലോകത്തെ എല്ലാ ഇനങ്ങളുടെയും സംഗമ വേദി യായിരിക്കും ‘ ഗുംഗ്രൂ ഡാൻസ് ഫെസ്റ്റിവൽ- 2026 ‘.ഇന്ത്യൻ ഫിലിം& ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസ്സോസിയേഷൻസ് (IFTCA),ആൾ ഇന്ത്യ ആർട്ടിസ്റ്റ് അസ്സോസിയേഷൻ (AIAA )സിംല ,തുടങ്ങീ നിരവധി കലാ സാംസ്‌കാരിക സംഘടനകളുടേയും വ്യക്തിപരമായ  സൗഹൃദങ്ങളുടേയും സഹകരണത്തോടെയാണ് സിന്ധുനായർ ഈ പരിപാടി സംഘടിപ്പിക്കുന്നത്.പ്രവേശനം സൗജന്യമായിരിക്കും.

കലാ,സിനിമാ , സാഹിത്യ ,സാമൂഹ്യ ,സംസ്‌കാരിക,രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തികൾ നൃത്തോത്സവത്തിൽ അതിഥികളായി പങ്കെടുക്കും. കലാസാംസ്‌കാരിക സാമൂഹ്യ മേഖലകളിൽ  നൽകിയ മികച്ച സംഭാവനകൾക്കുള്ള ആദരസൂചകമായി വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും.

വൈവിധ്യമാർന്ന ശാസ്ത്രീയ - പാരമ്പര്യ നൃത്തരൂപങ്ങളുടെ സമ്പന്നത മറ്റ് കലാകാരന്മാരിലും കലാപ്രേമികളിലും പങ്കുവെക്കുകയും അതോടൊപ്പം പൊതുജനങ്ങൾക്കിടയിൽ അത് ജനപ്രിയമാക്കുക എന്ന ലക്‌ഷ്യം കൂടി ഗുംഗ്രൂ ഡാൻസ് ഫെസ്റ്റിവലിനുണ്ട് എന്ന് സംഘാടക സിന്ധുനായർ ‘ വേൾഡ് എം  ന്യുസി’നോട് പറഞ്ഞു.

നവിമുംബൈയിൽ കുടുംബസമേതം താമസിക്കുന്ന സിന്ധുനായർ തൃശൂർ സ്വദേശിയാണ്.