എഐഡിഎംകെ വിമതഎംഎൽഎ മാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കില്ലെന്ന് സ്പീക്കർ

ചെന്നൈ: പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത 21 എഐഎഡിഎംകെ എം.എൽ.എമാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കില്ലെന്ന് തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി പ്രഭാകർ അറിയിച്ചു. ടിവികെ സർക്കാരിന്റെ വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 25 എം.എൽ.എമാരിൽ 21 പേർക്കെതിരെയുള്ള നടപടികളാണ് സ്പീക്കർ റദ്ദാക്കിയത്. ബാക്കിയുള്ള നാല് എം.എൽ.എമാർ തങ്ങളുടെ പദവികളിൽ നിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു.
മെയ് 13-ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ ഈ തീരുമാനമെടുത്തത്. പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്ത 21 എം.എൽ.എമാരും മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും, അവരുടെ ക്ഷമാപണം അംഗീകരിച്ചതായും പളനിസ്വാമി സ്പീക്കറെ അറിയിച്ചു.കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കേണ്ടതില്ലെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് പരിഗണിച്ചാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി.