"ശ്രീനാരായണ ഗുരു കോളേജ് ഗ്ലോബൽ യൂണിവേഴ്‌സിറ്റിയായ് മാറും" : പ്രൊഫ. ഡോ. വി. എൻ. രാജശേഖരൻ പിള്ള

മുംബൈ: വിദ്യകൊണ്ട് സ്വതന്ത്രരാവാൻ ഉപദേശിച്ച വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിൻ്റെ നാമധേയത്തിലുള്ള ശ്രീനാരായണ ഗുരു കോളേജ് ഒഫ് കോമേഴ്‌സിന് ലഭിച്ച സ്വയംഭരണാധികാരം(Autonomous) ഒരു കൽപിത സർവകലാ പദവിയിലേക്കുള്ള ചവിട്ടുപടിയാണെന്നും തുടർന്ന് ഭാവിയിൽ ഇത് ശ്രീനാരായണ ഗുരു ഗ്ലോബൽ യൂണിവേഴ്‌സിറ്റിയായ് മാറുമെന്നും മുൻ യു.ജി.സി. വൈസ് ചെയർമാനും നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡി റ്റേഷൻ കൗൺസിൽ മുൻ ചെയർമാനുമായ പ്രൊഫ. ഡോ. വി. എൻ. രാജശേഖരൻ പിള്ള അഭിപ്രായപ്പെട്ടു.ശ്രീ നാരായണ മന്ദിര സമിതി മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്സിന് സ്വയംഭരണാധികാരം ലഭിച്ചതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് യാഥാർത്ഥ്യമാക്കാൻ സമിതി ഭാരവാഹികൾക്കും അധ്യാപകർക്കും പ്രവർത്തകർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രൊഫ. ഡോ. വി. എൻ. രാജശേഖരൻ പിള്ള മുഖ്യാതിഥിയുംആറ്റ്ലസ് സ്‌കിൽ ടെക് യൂണിവേഴ്‌സിറ്റി വൈ. ചാൻസിലറും മുൻ മുംബയ് യൂണിവേഴ്‌സിറ്റി വൈ.ചാൻസിലറുമായ ഡോ.രാജൻ വേലൂക്കർ വിശിഷ്‌ടാതിഥിയുമായിരുന്നു.ഡോ. രാജൻ വേലുക്കർ മുഖ്യപ്രഭാഷണം നടത്തി. പുതിയ പദവി ലഭ്യതയിലൂടെ മന്ദിര സമിതി ഒരു ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് രാജൻ വേലൂക്കർ ഓർമിപ്പിച്ചു.
ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവർത്തന പന്ഥാവിലെ ഒരു നാഴികക്കല്ലാണീ സ്വയംഭരണാധികാര പദവിയെന്നും സമിതി ഭാരവാഹികളുടേയും പ്രവർത്തകരുടേയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണീ പദവി ലഭിച്ചതെന്നും സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. ജയശ്രീ വെങ്കിടാചലം, ഡയറക്ടർ ആൻസി ജോസ്, ഡോ. ഹിന്ദുജ ശ്രീചന്ദ്, ഡോ. രശ്‌മി , സമിതി മുൻ പ്രസിഡൻ്റ് എൻ. ശശിധരൻ, ചെയർമാൻ എൻ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്‌ഥികൾ, രക്ഷിതാക്കൾ, സമിതി ഭാരവാഹികൾ, പേട്രൺസ് , യൂണിറ്റ് സെക്രട്ടറിമാർ, കൗൺസിൽ അംഗങ്ങൾ അടക്കം നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.