നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; മീനാക്ഷി നടരാജൻ്റെ ഹർജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കും

 നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; മീനാക്ഷി നടരാജൻ്റെ ഹർജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വാദം കേള്‍ക്കും. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മീനാക്ഷി നടരാജൻ കോടതിയെ സമീപിക്കുകയായിരുന്നു.അകാരണമായാണ് മീനാക്ഷിയുടെ നാമനിർദ്ദേശം തള്ളപ്പെട്ടതെന്ന് അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. എന്നാൽ ഹർജി പരിഗണിക്കുമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹർജി സമർപ്പിക്കുക എന്നതാണ് യഥാർഥ നിയമപരമായ മാർഗം എന്നും കോടതി ചൂണ്ടിക്കാണിച്ചു. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന് നടക്കും.തെലങ്കാന കോടതി പുറപ്പെടുവിച്ച സമൻസ് വെളിപ്പെടുത്താത്തതിൻ്റെ പേരിലാണ് നാമനിർദ്ദേശം തള്ളിയത്. ലഭ്യമായ രേഖകൾ പരിശോധിച്ച ശേഷം, നാമനിർദ്ദേശത്തോടൊപ്പം സമർപ്പിച്ച ഫോം 26 ലെ കോടതി പരാതി ഒഴിവാക്കി നടരാജൻ അപൂർണമായ സത്യവാങ്മൂലം സമർപ്പിച്ചതായി കണ്ടെത്തിയതായി രാജ്യസഭാ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ അരവിന്ദ് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.ബിജെപി സ്ഥാനാർഥി മഹേഷ് കെവാട്ട്, തെലങ്കാനയിൽ മീനാക്ഷി നടരാജനെതിരെ സമർപ്പിച്ച കേസിൻ്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർക്ക് പരാതി ലഭിക്കുകയായിരുന്നു. ജൂൺ എട്ടിനായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനും പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അവസാന തീയതി.എന്നാൽ വിവാദം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറുപടി ലഭിക്കാത്തതിനാൽ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ഇടപെടൽ തേടാനും സാധ്യതയുണ്ട്.

അതേസമയം സുപ്രീം കോടതിയെ സമീപിക്കുന്നതിനു പുറമേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പൊതുജന അവബോധ ക്യാംപെയിൻ നടത്തുമെന്നും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) പ്രസിഡൻ്റ് ജിതു പട്വാരി പറഞ്ഞു."ബിജെപി ഓഫീസുകൾ മുതൽ മുഖ്യമന്ത്രിയുടെ വസതി വരെ കോൺഗ്രസ് സംസ്ഥാനത്തുടനീളം ഘെരാവോ നടത്തും. വെള്ളിയാഴ്‌ച കോൺഗ്രസ് എംഎൽഎമാർ രാഷ്ട്രപതിയെ കാണുകയും ജനാധിപത്യത്തിന് സംരക്ഷണം തേടുകയും ചെയ്യും," പട്വാരി  പറഞ്ഞു.

നേരത്തെ കെസി വേണുഗോപാൽ, ജയറാം രമേശ്, വിവേക് ​​തൻഖ, മുഹമ്മദ് അലി ഖാൻ, രൺദീപ് സുർജേവാല, സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഗേൽ, ദീപ ദാസ് മുൻഷി, മീനാക്ഷി നടരാജൻ എന്നിവരടങ്ങുന്ന എഐസിസി പ്രതിനിധി സംഘം ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. റിട്ടേണിങ് ഓഫീസറുടെ തീരുമാനം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും ആവർത്തിച്ചിരുന്നു.

"റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമപരമായി തെറ്റാണ്. മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശം നിരസിക്കപ്പെട്ടതിൻ്റെ അടിസ്ഥാനം ഒരു ക്രിമിനൽ കേസല്ല. അവർക്ക് ഒരു നോട്ടീസ് മാത്രമാണ് നൽകിയത്," എന്ന് അഭിഭാഷകൻ അഭിഷേക് സിംഗ്വി പറഞ്ഞു.