"സ്വർണത്തിൻ്റെ വില വർധനവിന് പ്രധാന കാരണം, നികുതി": സ്വർണ്ണ വ്യാപാരികളുടെ സംഘടന

"സ്വർണത്തിൻ്റെ  വില വർധനവിന് പ്രധാന കാരണം,  നികുതി":  സ്വർണ്ണ വ്യാപാരികളുടെ സംഘടന

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന സ്വർണ വിലയിലും, നികുതിയിലും ആശങ്ക പ്രകടിപ്പിച്ച് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ. സംഘടനയുടെ പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ സംയുക്തമായി ഇറക്കിയ പത്ര  പ്രസ്‌താവനയിലാണ് ആശങ്ക അറിയിച്ചത് .

കഴിഞ്ഞ 10 വർഷങ്ങളിൽ കേരളത്തിൽ സ്വർണത്തിന് ഏകദേശം 9000 രൂപയാണ് വില വർധിച്ചത്. വില വർധനവിൻ്റെ പ്രധാന കാരണം വർധിച്ചുകൊണ്ടിരിക്കുന്ന നികുതിയാണെന്ന് വ്യാപാരികൾ പറയുന്നു. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 6%ൽ നിന്നും 15% ആക്കി വർധിപ്പിച്ചതോടെ കള്ളക്കടത്ത് വൻതോതിൽ വർധിക്കാനുള്ള സാധ്യതതയും അവർ ചൂണ്ടിക്കാട്ടി.സർക്കാർ സ്വർണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നു, ജിഎസ്‌ടി ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വ്യാപാരികൾക്ക് അനുകൂലമായ തരത്തിൽ യാതൊരു നീക്കുപോക്കും ഇതുവരെ നടന്നിട്ടില്ലെന്നും ധനമന്ത്രിക്ക് അയച്ച കത്തുകൾക്ക് മറുപടിയില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.

"സ്വർണ വ്യാപാരികളുടെ നികുതിയിൽ നിറയുന്ന സർക്കാർ ഖജനാവ്"

സ്വർണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട നികുതി വരുമാന കണക്കുകൾ വെളിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 25 വർഷത്തെ ഏകദേശ കണക്കുകൾ വ്യാപാരികൾ പുറത്തുവിട്ടു. 2001 ല്‍ കെജിഎസ്‌ടി നികുതി സംവിധാനത്തിൽ ഒരു ശതമാനം നികുതിയായിരുന്നു സ്വർണത്തിന്. 2005ൽ മൂല്യ വർധിത നികുതി (വാറ്റ്) മൂലം അഞ്ച് ശതമാനം നികുതിയായി വർധിച്ചു. മാത്രമല്ല നികുതി കോമ്പൗണ്ട് ചെയ്യണമെന്ന വ്യവസ്ഥ വിൽക്കാത്ത സ്വർണത്തിനും നികുതി അടക്കാൻ വ്യാപാരികൾ നിർബന്ധിതരായി. നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം 95 ശതമാനത്തോളം സ്വർണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുകയായിരുന്നു. 2015-2016 കാലഘട്ടത്തിൽ സ്വർണവിൽപനയിൽ മാത്രം സർക്കാർ സമ്പാദിച്ചത് 665 കോടി രൂപയാണ്.2017ൽ ജിഎസ്‌ടി നിലവിൽ വരികയും വിൽക്കപ്പെടുന്ന സ്വർണത്തിന് മാത്രം നികുതി നൽകിയാൽ മതി എന്നുള്ള നിർദ്ദേശവും വന്നു. കേരളത്തിലെ പരമ്പരാഗത സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള ഇപ്പോഴത്തെ വാർഷിക വിറ്റു വരവ് ഒരു ലക്ഷം കോടിക്ക് മുകളിലാണ്. കെജിഎസ്‌ടി, വാറ്റ് കാലഘട്ടത്തിൽ സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനം കേരളത്തിന് മാത്രമായിരുന്നു. എന്നാൽ ജിഎസ്‌ടിയിൽ കേരളത്തിനും, കേന്ദ്രത്തിനുമായി ഒന്നര ശതമാനം വീതം പകുത്തു പോകുകയാണ് ചെയ്യുന്നത്.

കേരളത്തിലെ സ്വർണ വ്യാപാരികളുടെ 50 ശതമാനത്തിൽ അധികം സ്വർണം പർച്ചേസ് ചെയ്‌തത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയതിനാൽ അവിടെ നികുതി നൽകുകയും കേരളത്തിൽ വിൽപ്പന നടത്തി അധികം വരുന്ന തുകയ്ക്ക് നികുതി ഈടാക്കുകയും ആണ് ചെയ്യുന്നത്. ഒരു ലക്ഷം കോടിക്ക് മുകളിലാണ് ഏകദേശം വാർഷിക വിറ്റുവരവെങ്കിൽ 1500 കോടി രൂപയുടെ നികുതി വരുമാനം സർക്കാരിന് ലഭിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പർച്ചേസ് പ്രകാരം 1500 കോടി രൂപയുടെ നികുതി വരുമാനം അതാത് സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. ആ തുകയ്ക്ക് അനുപാതികമായ ഐജിഎസ്‌ടി വാങ്ങിയെടുക്കേണ്ട ബാധ്യത കേരളത്തിലുണ്ട്. സ്വർണ്ണ വ്യാപാരികൾ മാസാന്ത കണക്കുകൾ ഓൺലൈനായി ഫയൽ ചെയ്യും, വിറ്റു വരവിൻ്റെ ആനുപാതിക നികുതി ഓൺലൈനായി അടച്ചതിനു ശേഷം മാത്രമേ റിട്ടേണുകൾ സ്വീകരിക്കുകയുള്ളൂ.എന്നാൽ 2022 നു ശേഷം അസോസിയേഷൻ സമർപ്പിച്ചിട്ടുള്ള വിവരാവകാശരേഖയ്ക്ക് മറുപടിയായി സ്വർണത്തിന് മാത്രമായിട്ടുള്ള നികുതി വരുമാനം രേഖപ്പെടുത്താത്തത് കൊണ്ട് നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ജിഎസ്‌ടി ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ലഭിച്ചത്. സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും ജിഎസ്‌ടി വരുമാനവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ ധനമന്ത്രിക്ക് നൽകിയിട്ടുണ്ടങ്കിലും മറുപടി ലഭിച്ചിട്ടില്ല, സ്വർണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് സ്വർണമേഖലയിൽ നിന്നുള്ള വാർഷിക വിറ്റു വരവും നികുതി വരുമാനവും വെളിപ്പെടുത്താത്തതെന്നും അസോസിയേഷൻ ആരോപിക്കുന്നു.

വ്യാജ സ്വർണ വ്യാപാരികളുടെ എണ്ണവും വർധിക്കുന്നു

സ്വർണ പണയമെടുപ്പ് സ്ഥാപനങ്ങളും സ്വർണം വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. പഴയ സ്വർണം എടുക്കുമെന്ന് ഫോൺ നമ്പർ മാത്രം നൽകി പോസ്‌റ്ററുകൾ പതിച്ചു ജിഎസ്‌ടി രജിസ്ട്രേഷൻ അടക്കമുള്ള ഒരുതരത്തിലുള്ള ലൈസൻസുകളും ഇല്ലാതെ പരസ്യം ചെയ്യുന്ന വ്യാജ സ്വർണ വ്യാപാരികളുടെ എണ്ണവും വർധിച്ചു വരികയാണ്.ഇത്തരത്തിലുള്ളവർക്കെതിരെ യാതൊരു നടപടിയും ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും, ജിഎസ്‌ടി രജിസ്ട്രേഷൻ എടുത്ത് വ്യാപാരം ചെയ്യുന്ന പരമ്പരാഗത സ്വർണ് വ്യാപാരികൾ മാത്രമാണ് കൂടുതൽ പീഡനം അനുഭവിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. ഏറ്റവും കൂടുതൽ നികുതി വരുമാനം നേടി കൊടുക്കുന്ന പരമ്പരാഗതമായ സ്വർണ് വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പുതിയ സർക്കാരിൻ്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന അഭ്യർത്ഥനയും കേരളത്തിലെ 12000 ഓളം വരുന്ന സ്വർണ്ണ വ്യാപാരികളെ പ്രതിനിധീകരിച്ചുകൊണ്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ വ്യക്തമാക്കി.