വിപണിയെപിടിച്ചുലയ്ക്കുന്ന യുദ്ധഭീതി :സ്വർണ്ണവില പവൻ ലക്ഷങ്ങൾ കടന്നേക്കും, വെള്ളി കിലോ 3 ലക്ഷത്തിലേക്ക്!

 വിപണിയെപിടിച്ചുലയ്ക്കുന്ന  യുദ്ധഭീതി :സ്വർണ്ണവില പവൻ ലക്ഷങ്ങൾ കടന്നേക്കും, വെള്ളി കിലോ 3 ലക്ഷത്തിലേക്ക്!

മുംബൈ: ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള യുദ്ധത്തിലേക്ക് വഴിമാറുമെന്ന ഭീതി ശക്തമായതോടെ, ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികൾ കടുത്ത അസ്ഥിരതയിലേക്ക് നീങ്ങുന്നു. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണവും, പിന്നാലെ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ വലിയ തകർച്ചയും സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിൽ വൻ കുതിച്ചുചാട്ടവുമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അനിശ്ചിതത്വം വർദ്ധിക്കുമ്പോൾ നിക്ഷേപകർ കൂട്ടത്തോടെ സ്വർണ്ണത്തിലേക്ക് തിരിയുന്നത് വില റെക്കോർഡ് വേഗത്തിൽ ഉയരാൻ കാരണമാകും.

ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,300 എന്ന നിർണ്ണായക പ്രതിരോധം മറികടന്നാൽ, ഇന്ത്യയിൽ സ്വർണ്ണവില പത്ത് ഗ്രാമിന് 1,68,000 രൂപ മുതൽ 1,70,000 രൂപ വരെയായി ഉയർന്നേക്കാം. വെള്ളിയുടെ കാര്യത്തിലും സമാനമായ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഔൺസിന് 93 ഡോളറിന് മുകളിൽ ക്ലോസ് ചെയ്ത വെള്ളി വില 100 ഡോളർ കടന്നാൽ, ഇന്ത്യയിൽ ഒരു കിലോ വെള്ളിയുടെ വില മൂന്ന് ലക്ഷം രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തും. വ്യാഴാഴ്ച മുതൽ ആരംഭിച്ച ആഗോള വിപണിയിലെ ചലനങ്ങൾ വെള്ളിയാഴ്ചയോടെ വലിയ നാശനഷ്ടങ്ങളാണ് നിക്ഷേപകർക്ക് വരുത്തിവെച്ചത്. തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ വൻ വിലക്കയറ്റത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത.മധ്യേഷ്യയിലെ ഓരോ ചലനവും ആഗോള എണ്ണവിലയെയും അതുവഴി ഇന്ത്യയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുന്നവയാണ്. അമേരിക്ക-ഇസ്രയേൽ സഖ്യത്തിന്റെ നീക്കങ്ങളും ഇറാന്റെ തിരിച്ചടിയും ലോക സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന പേടിയിലാണ് സാമ്പത്തിക ലോകം.