നഷ്ടപ്പെട്ടെന്ന് കരുതിയ വിലകൂടിയ ഐഫോൺ വിദേശവനിതയ്ക്ക് തിരിച്ചുനൽകി മാതൃകയായി ടാക്സിഡ്രൈവർ

നഷ്ടപ്പെട്ടെന്ന് കരുതിയ  വിലകൂടിയ ഐഫോൺ വിദേശവനിതയ്ക്ക് തിരിച്ചുനൽകി മാതൃകയായി ടാക്സിഡ്രൈവർ

എറണാകുളം: നഷ്ടപ്പെട്ടെന്ന് കരുതിയ  വിലകൂടിയ ഐഫോൺ വിദേശവനിതയ്ക്ക് തിരിച്ചുനൽകി മാതൃകയായി ടാക്സിഡ്രൈവർ .ഫോൺ നഷ്ട്ടപ്പെട്ട്  വലിയ പ്രതിസന്ധിയിലായ വിദേശ വനിതയുടെ മുന്നിലാണ് സത്യസന്ധതയുടെ പ്രതിരൂപമായി   എറണാകുളം ഡിടിപിസി പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവറായ വിനോദ് പ്രത്യക്ഷപ്പെട്ടത്.

ഓസ്ട്രേലിയൻ സ്വദേശി ജാക്വലിൻ എബ്രഹാമിന് നഷ്‌ടപ്പെട്ട വിലപിടിപ്പുള്ള ഐഫോൺ തിരികെ നൽകിയാണ് പള്ളുരുത്തി സ്വദേശിയായ വിനോദ് നാടിനാകെ മാതൃകയായത്.കൊച്ചി തീരത്തെത്തിയ ആഡംബര ക്രൂയിസ് കപ്പലായ അസമരയിലെ യാത്രക്കാരിയായിരുന്നു ഇസ്രയേൽ വംശജയായ ജാക്വലിൻ. തൻ്റെ വിനോദയാത്രയുടെ ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് ഇവർ കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലും എത്തിയത്.നഗരക്കാഴ്ചകൾ കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള പ്രീ പെയ്ഡ് ടാക്‌സി സർവീസാണ് ഇവർ തെരഞ്ഞെടുത്തത്. വിനോദ് ഓടിച്ചിരുന്ന ടാക്‌സിയിലായിരുന്നു ഇവരുടെ യാത്ര. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് മടങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ കാറിനുള്ളിൽ വീഴുകയായിരുന്നു. എന്നാൽ തൻ്റെ ഫോൺ നഷ്‌ടപ്പെട്ട കാര്യം ജാക്വലിൻ അറിഞ്ഞിരുന്നില്ല. പിന്നീട് യാത്രക്കാരെ ഇറക്കി വാഹനം വൃത്തിയാക്കുന്നതിനിടെയാണ് സീറ്റിനു താഴെ കിടക്കുന്ന ഫോൺ വിനോദിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

ഫോൺ ലഭിച്ചയുടൻ തന്നെ അത് ഉടമയ്ക്ക് സുരക്ഷിതമായി എത്തിച്ചു നൽകാൻ അദ്ദേഹം തീരുമാനിച്ചു. തൻ്റെ കാറിൽ യാത്ര ചെയ്‌ത വിദേശിയുടേതാണ് ഫോൺ എന്ന് ഉറപ്പിച്ച വിനോദ് ടൂറിസം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് അവരുടെ സഹായത്തോടെ കപ്പലിലേക്ക് മടങ്ങിയ വിദേശ സഞ്ചാരിയെ കണ്ടെത്തുകയും ചെയ്‌തു. അധികൃതർക്കൊപ്പം നേരിട്ടെത്തിയാണ് വിനോദ് ഫോൺ കൈമാറിയത്.ഫോൺ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടുവെന്ന് കരുതി വലിയ വിഷമത്തിലായിരുന്ന വിദേശിക്ക് വിനോദിൻ്റെ പ്രവൃത്തി വലിയ അദ്ഭുതവും സന്തോഷവുമാണ് നൽകിയത്. യാത്രയുടെ വിവരങ്ങളും മറ്റ് വിലപ്പെട്ട രേഖകളും ആ ഫോണിലുണ്ടായിരുന്നു. അതിനാൽ ഫോൺ ലഭിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസമായി. കണ്ണുകൾ നിറഞ്ഞുകൊണ്ട് വിനോദിനെ ചേർത്തുപിടിച്ച് അവർ നന്ദി അറിയിച്ചു.വർഷങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ കൊച്ചിയിലെത്തിയ ലക്ഷദ്വീപ് സ്വദേശികളുടെ സ്വർണവും പണവും വിനോദിൻ്റെ കാറിൽ നിന്ന് ലഭിച്ചിരുന്നു. അന്നും യാത്രക്കാരെ ഇറക്കിയ സ്ഥലത്ത് പോയി അവരെ കണ്ടെത്തി സ്വർണവും പണവും  അദ്ദേഹം തിരിച്ച് ഏൽപ്പിക്കുകയായിരുന്നു