മദ്യം നൽകി മയക്കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവ്

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവ്. ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു കെ മോഹൻ (26) രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു ആർ കണ്ണൻ(29) എന്നിവരെ 10വർഷം കഠിനതടവിനും 15000 രൂപ പിഴ നൽകാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടത്.
ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. 2024 വർഷം ജൂലൈ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയും ഒന്നാം പ്രതിയുടെ അയൽവാസിയുമായ അതിജീവിതയെ അമ്പലത്തിൽ വച്ചു പരിചയപ്പെട്ടു. പിന്നീട് വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലാവുകയും ചെയ്തു. ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയും ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യംകി . അതിന് ശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു . ഈ സമയം മറ്റ് കുട്ടികൾ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതിൽ ഒരു പെൺകുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചു . പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷൻ എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു.
സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ പെൺകുട്ടിയിൽ മദ്യത്തിൻ്റെ മണവും ആസ്വസ്ഥതകളും കണ്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്.ഇതിന് മുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ ആർഎസ് വിജയ് മോഹൻ, അഡ്വ ബിന്ദു വി സി എന്നിവർ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പി ഹരിലാലാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. രണ്ട് തൊണ്ടി മുതലുകളും 34 രേഖകളും കോടതിയിൽ ഹാജരാക്കി.