"ഹിന്ദുസമൂഹം ഐക്യപ്പെടണം, വിഭജന മനോഭാവങ്ങൾ ഉപേക്ഷിക്കണം"; സുപ്രീം കോടതി

"ഹിന്ദുസമൂഹം ഐക്യപ്പെടണം, വിഭജന മനോഭാവങ്ങൾ ഉപേക്ഷിക്കണം";  സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദുസമൂഹം ഐക്യപ്പെടണമെന്നും വിഭജന മനോഭാവങ്ങൾ ഉപേക്ഷിക്കണമെന്നും സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.ഓരോ വിഭാഗത്തിനും അവരവരുടേതായ ആചാരങ്ങളുണ്ടാകാമെങ്കിലും അത് ധാർമ്മികതയ്ക്കും ക്രമസമാധാനത്തിനും ആരോഗ്യത്തിനും വിരുദ്ധമാകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മതവിഭാഗത്തിന്‍റെ അവിഭാജ്യ ഘടകമായ ആചാരങ്ങൾ ഏതാണെന്ന് കൃത്യമായി നിർവചിക്കുക എന്നത് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രയാസകരമായ ദൗത്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

​സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ഛനീചത്വങ്ങൾ മാറണമെന്നും "അവർക്ക് ഞങ്ങളുടെ ക്ഷേത്രത്തിൽ വരാനാകില്ല, ഞങ്ങൾക്ക് അവരുടെ ക്ഷേത്രത്തിൽ പോകാനാകില്ല" എന്ന നിലപാടുകൾ ശരിയല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. എല്ലാവർക്കുമായി ക്ഷേത്രങ്ങൾ തുറന്നുനൽകിയില്ലെങ്കിൽ ആ മതവിഭാഗങ്ങൾ തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു. 1950-കളിലെ സാമൂഹിക സാഹചര്യങ്ങളെയും വിവേചനങ്ങളെയും മറികടക്കാനാണ് ഭരണഘടനയിൽ തന്നെ ഹിന്ദു ആരാധനാലയങ്ങൾ എല്ലാവർക്കുമായി തുറന്നുനൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.​സാമൂഹിക പരിഷ്‌കരണത്തിനുള്ള സംസ്ഥാനത്തിന്‍റെ അധികാരം വിശാലമാണെങ്കിലും എല്ലാ സാഹചര്യങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന ഒരൊറ്റ നിയമം കോടതിക്ക് നിർവചിക്കാനാവില്ല. ഓരോ കേസിന്‍റെയും സാഹചര്യം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ട് സംസ്ഥാനം ഒരു നിയമം നിർമ്മിച്ചാൽ അത് ആചാരങ്ങളിലുള്ള കടന്നുകയറ്റമാണോ അതോ സാധുവായ പരിഷ്‌കരണമാണോ എന്ന കാര്യത്തിൽ വ്യക്തത തേടിയ കോടതി, ഇത്തരം സാഹചര്യങ്ങളിൽ ആചാരത്തിന്‍റെ പാരമ്പര്യവും അത് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.​മതം എന്നത് വൈകാരികമായ കാര്യമാണെന്നും ആചാരങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ വളരെയധികം ജാഗ്രത പാലിക്കണമെന്നും മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. എന്നാൽ സാമൂഹിക തിന്മകളെ മാറ്റാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയിൽ ഹർജികളിലുള്ള വാദം നാളെയും തുടരും.

നേരത്തേ, യുവതികൾ ശബരിമലയിൽ പ്രവേശിക്കണമോ വേണ്ടയോ എന്നതിൽ സംസ്ഥാന സർക്കാർ മുൻപ് രേഖാമൂലം നൽകിയ വാദങ്ങളിൽ വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല. യുവതീപ്രവേശനത്തെ എതിർക്കുന്നവരെ വാദിക്കാൻ അനുവദിക്കണമെന്നാണ് സർക്കാരിൻ്റെ പ്രധാന ആവശ്യം. മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് വിഷയത്തിൽ അഭിപ്രായം തേടണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഭക്തരായ സ്ത്രീകൾ തന്നെ യുവതീപ്രവേശനത്തിനെതിരെ രംഗത്തുവന്നുവെന്ന കാര്യവും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.