ബഹിരാകാശത്തെ സൂര്യഗ്രഹണവും ഭൗമോദയവും കണ്ട് പേടകത്തിലെ നാലംഗ സംഘം

Orion sent back images as it passed by the Moon
വാഷിങ്‌ടൺ: നാസയുടെ ആർട്ടെമിസ് രണ്ട് ദൗത്യത്തിൻ്റെ ഭാഗമായ ഒറയോൺ പേടകം ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ നിന്നുള്ള അപൂർവ കാഴ്ചകൾ ഭൂമിയിലേക്ക് അയച്ചു. 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രൻ്റെ മറുപുറം നേരിൽ കാണുന്ന ദൗത്യമാണിത്. ചന്ദ്രൻ്റെ ഗുരുത്വാകർഷണ പരിധിയിൽ പേടകം വിജയകരമായി പ്രവേശിച്ചതായി നാസ അറിയിച്ചു.
ബഹിരാകാശത്തെ സൂര്യഗ്രഹണം
പേടകത്തിലെ നാലംഗ സംഘം ബഹിരാകാശത്ത് നിന്നുള്ള സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. ഒറയോൺ ചന്ദ്രന് പിന്നിലേക്ക് പോകുമ്പോൾ ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന അപൂർവ ദൃശ്യമാണ് പുറത്തുവന്നത്. പേടകത്തിലെ സോളാർ പാനലുകളിലെ പ്രത്യേക കാമറകൾ വഴിയാണ് ദൃശ്യം പകർത്തിയത്.ഭൂമിയിലെ ഗ്രഹണങ്ങൾ മിനിറ്റുകൾ മാത്രം നീളുമ്പോൾ ബഹിരാകാശത്തെ ഗ്രഹണം ഒരു മണിക്കൂറോളം നീണ്ടുനിന്നു. കണ്ണുകൾക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കണ്ണടകൾ ഉപയോഗിച്ചാണ് യാത്രികർ പ്രതിഭാസം നിരീക്ഷിച്ചത്.
ഭൗമോദയം കണ്ട് ദൗത്യസംഘം
ചന്ദ്രൻ്റെ ഇരുണ്ട മറുപുറത്ത് എത്തിയതോടെ പേടകവും ഭൂമിയുമായുള്ള ആശയവിനിമയം താത്കാലികമായി നഷ്ടപ്പെട്ടു. ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് പുറത്തുവന്നതോടെ ബന്ധം വിജയകരമായി പുനഃസ്ഥാപിച്ചു. ചന്ദ്രന് പിന്നിൽ നിന്ന് ഭൂമി ഉദിച്ചുയരുന്ന അതിമനോഹരമായ ഭൗമോദയവും പേടകം പകർത്തിയിട്ടുണ്ട്.ഇരുട്ടിൽ നിന്ന് വരുമ്പോൾ അതിദൂരെ ചെറിയ നീല വൃത്തമായി ഭൂമി തിളങ്ങി നിൽക്കുന്ന ദൃശ്യമാണ് സംഘം കണ്ടത്. കുറഞ്ഞ ബാൻഡ്‌വിഡ്ത്ത് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തത്സമയ ദൃശ്യങ്ങൾ ഭൂമിയിലെ കൺട്രോൾ റൂമിലേക്ക് കൃത്യമായി എത്തിച്ചത്. പേടകത്തിന് പുറത്ത് സാങ്കേതിക തകരാറുകൾ പരിശോധിക്കാൻ തിരിച്ചുവച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. പേടകത്തിനുള്ളിലെ കാമറകളിൽ നിന്ന് കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ വൈകാതെ ലഭിക്കും.
ചന്ദ്രനെ ചുറ്റിയുള്ള യാത്ര
ഏപ്രിൽ ആറിന് രാത്രി 11നാണ് പേടകം ചന്ദ്രനെ ചുറ്റിവരുന്ന നിർണായക ഫ്ലൈ ബൈ യാത്ര ആരംഭിച്ചത്. ഏഴു മണിക്കൂറാണ് ദൗത്യസംഘം ചന്ദ്രനെ ചുറ്റി സഞ്ചരിച്ചത്. ചന്ദ്രനിൽ നിന്ന് 39,000 മൈൽ അകലെയാണ് നിലവിൽ ഒറയോണിൻ്റെ സഞ്ചാരം.ചന്ദ്രൻ്റെ ഉപരിതലം തവിട്ടുനിറത്തിലാണെന്നും ദ്വാരങ്ങളുള്ള വിളക്കിൻ്റെ രൂപത്തിലാണ് കാണപ്പെടുന്നതെന്നും യാത്രികർ കൺട്രോൾ റൂമിൽ അറിയിച്ചു. വാണിജ്യ ലൂണാർ പേലോഡ് സർവീസ് മിഷൻ ലാൻഡിങ് സൈറ്റായ റെയ്‌നർ ഗാമ ഉൾപ്പെടെ ശാസ്ത്രജ്ഞർ ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിക്കുന്ന ചുഴികളിലും ഗർത്തങ്ങളിലും നിരീക്ഷണങ്ങൾ നടക്കുകയാണ്.
ഭാവി ദൗത്യങ്ങൾക്ക് മുതൽക്കൂട്ട്
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനും അവിടെ പരീക്ഷണങ്ങൾ നടത്താനുമുള്ള നാസയുടെ വലിയ പദ്ധതിയാണ് ആർട്ടെമിസ് ദൗത്യങ്ങൾ. ഇതിലെ ആദ്യത്തെ മനുഷ്യയാത്രയാണ് ആർട്ടെമിസ് രണ്ട്. വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ഹാൻസെൻ, റീഡ് വൈസ്മാൻ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് യാത്രയിലുള്ളത്. ചന്ദ്രയാത്രയ്ക്ക് ശേഷം ചൊവ്വാ ദൗത്യത്തിന് ഉൾപ്പെടെ തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായാണ് നാസ പുതിയ വിവരങ്ങൾ ശേഖരിക്കുന്നത്.മനുഷ്യൻ വീണ്ടും ചന്ദ്രന് സമീപത്തേക്ക് എത്തുമ്പോൾ ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങൾ ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്കും ദീർഘദൂര ഗ്രഹാന്തര യാത്രകൾക്കും വലിയ മുതൽക്കൂട്ടാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻ്ററാണ് ദൗത്യം പൂർണ വിജയമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.