തൃശൂർ വെടിക്കെട്ട് ദുരന്തം : അപകടസ്ഥലത്ത് വിശദമായ പരിശോധനയും തെരച്ചിലും പുനഃരാരംഭിച്ചു

തൃശൂർ വെടിക്കെട്ട് ദുരന്തം : അപകടസ്ഥലത്ത് വിശദമായ പരിശോധനയും തെരച്ചിലും പുനഃരാരംഭിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് വിശദമായ പരിശോധന പുനഃരാരംഭിച്ചു. മൃതദേഹ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്തിന് സമീപത്തെ കുളത്തിലും ഇന്ന് തെരച്ചിൽ നടത്തും. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 13 പേർക്ക് ജീവൻ നഷ്ടമായി. ആറ് പേരെ തിരിച്ചറിഞ്ഞു. 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്.5പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.വിഷ്ണു(40) ,ബിജീഷ്(40) , സുദര്‍ശന്‍ (54) – പഴയന്നൂര്‍ സ്വദേശി, വാസുദേവന്‍ (54) പാലക്കാട് കുമരനല്ലൂര്‍ സ്വദേശി, സുബിന്‍ (40) കുണ്ടന്നൂര്‍ സ്വദേശി – എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. സതീശ് (46), ബാബു (56), വിഷ്ണു (30), പ്രവീണ്‍ (45), രാജേഷ് (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ഹരി (40), ബാബു (57) എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീപ്പൊള്ളല്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്. സുഭദ്ര ( 68 ), ഭവാനി (65), സുന്ദരന്‍ (46) എന്നിവരുടെ പരുക്ക് ഗുരുതരമല്ല.

ഇന്നലെ രാത്രി ഇരുട്ടുവീണതിനാൽ പരിശോധനകൾ ഫലപ്രദമായിരുന്നില്ല. 150 മീറ്റർ ചുറ്റളവിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചിരുന്നു. ഇതിനാൽ പകലിൽ കൃത്യമായ പരിശോധന നടത്താനാണ് തീരുമാനം. വെളിച്ചക്കുറവ് കാരണം ഇന്നലെ നിർത്തിവച്ച തെരച്ചിലാണ് പുനഃരാരംഭിച്ചത്. അപകടസ്ഥലത്ത് ശാസ്ത്രീയ പരിശോധനകളും ഇന്നുണ്ടാകും. ഫോറൻസിക് വിദഗ്ധരും പ്രത്യേക സംഘങ്ങളും തെളിവെടുപ്പ് നടത്തും. ദുരന്തകാരണം കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. മരിച്ചവരെയും കാണാതായവരെയും കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

തെളിവെടുപ്പുമായി സംഘം

സംഭവസ്ഥലത്തുണ്ടായിരുന്ന ഷെഡുകളും വെടിക്കെട്ട് സാമഗ്രികളും പൂർണമായും ചാമ്പലായെന്ന് ജില്ല കലക്ടർ. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കടാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് കമ്മിഷണർ നകുലാർ ദേശമുഖിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുവെന്ന് കലക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് വിഭാഗവും പ്രത്യേക സാമ്പിൾ ശേഖരണ സംഘവും സ്ഥലത്തെത്തി. പെസോയിലെ വിദഗ്ധ സംഘവും ഉടൻ അപകടസ്ഥലം സന്ദർശിച്ച് കൂടുതൽ പരിശോധനകൾ നടത്തും.

അപകടത്തിന് കാരണമായത് ഉയര്‍ന്ന താപനില

അപകടത്തിന് കാരണമായത് ഉയര്‍ന്ന താപനിലയായിരിക്കാമെന്ന അഭിപ്രായം ശക്തിപ്പെടുന്നു. പഴയ കാലത്ത് വെടി മരുന്ന് സംയോജിപ്പിരുന്നത് രാവിലെ 6 മുതല്‍ 8 മണിവരെയായിരുന്നു. വെയിലിന് ചൂട് കൂടുമ്പോൾ മരുന്ന് കുഴക്കുന്നത് നിര്‍ത്തിവയ്‌ക്കാറാണ് പതിവ്. ഒരു കാരണവശാലും രാവിലെ പത്ത് മണിക്ക് ശേഷം വെടിമരുന്ന് തയാറാക്കിയിരുന്നില്ലെന്ന്  കണ്ണൂരിലെ പഴയ കാല പടക്ക നിര്‍മ്മാതാവ് ആനന്ദ കൃഷ്‌ണന്‍ പറഞ്ഞു .അടിയന്തിര സാഹചര്യമുണ്ടായാല്‍ പോലും ഉച്ച സമയങ്ങളിൽ പടക്കനിര്‍മ്മാണം നടത്താറില്ല. വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരിക്കും നിര്‍മ്മാണം നടത്തുക. എന്നാല്‍ കൊടും ചൂടുള്ള സമയത്താണ് തൃശൂരില്‍ വെടിമരുന്നിൻ്റെ മിക്‌സിങ് നടന്നിട്ടുള്ളത്. ഉച്ചതിരിഞ്ഞ് 3.30 ന് സ്‌ഫോടനം ഉണ്ടാകുകയും ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്‌തു.

കണ്ണൂര്‍ ജില്ലയില്‍ ഓലപ്പടക്കവും ഗുണ്ടും നിര്‍മ്മിക്കുന്നത് നിരോധിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറിയിരുന്ന കാലത്ത് എതിരാളികള്‍ക്ക് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്തുന്നത് പതിവായിരുന്നു. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന മരുന്നുകൊണ്ടായിരുന്നു ബോംബ് നിർമാണം. ആയതിനാല്‍ ജില്ലയില്‍ നിലവില്‍ പടക്ക നിര്‍മ്മാണം നടക്കുന്നില്ല. 25 വര്‍ഷം മുമ്പ് ഏർപ്പെടുത്തിയ നിരോധന ഇന്നും തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്ത് മരുന്ന് സംയോജിപ്പിക്കുന്നത് നടത്തരുതായിരുന്നുവെന്നും സ്‌ഫോടനം ഉണ്ടായതിന് പ്രധാനപ്പെട്ട കാരണം താപനിലയിലെ വർധനവ് തന്നെ ആകാനാണ് കൂടുതൽ സാധ്യതയെന്നും ആനന്ദ കൃഷ്‌ണന്‍ പറഞ്ഞു.

തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കിയേക്കും; നിർണായക യോഗം ഇന്ന്

വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ സാധ്യത. ദേവസ്വം മന്ത്രി വിഎൻ വാസവൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ എന്നിവയ്ക്ക് പുറമെ മന്ത്രിമാരും ജില്ല ഭരണകൂടത്തിൻ്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ടുകൾ പൂർണമായും ഒഴിവാക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്.

അടിയന്തര ധനസഹായം 

വെടിക്കെട്ട് പുരയിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് സഹായം. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ സഹായം നല്‍കാന്‍ 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. അതേസമയം, ദുരന്തത്തില്‍ അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കം പ്രമുഖര്‍ സന്ദേശങ്ങളിട്ടു.