'ഓവര്‍ഡോസ്' ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിന് ദാരുണാന്ത്യം

'ഓവര്‍ഡോസ്' ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 53 മേഖലയിലെ വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന രോഹിത് ലാല്‍ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മുറിയില്‍ നിന്നു മരുന്നുകളുടെയും ഹെല്‍ത്ത് സപ്ലിമെന്റുകളുടെയും കവറുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.മരിച്ച രോഹിത് ലാല്‍ നാഗ്പൂര്‍ സ്വദേശിയാണ്. ന്യൂഡല്‍ഹിയിലെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇയാള്‍ ഗുരുഗ്രാമിലെ ഒരു വാടക ഫ്‌ലാറ്റിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രോഹിത്തിനൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.രോഹിത്തും സഹപ്രവര്‍ത്തകനും സാധാരണയായി ഒരുമിച്ചാണ് ഓഫീസില്‍ പോകാറുള്ളത്. എന്നാല്‍ അന്ന് രോഹിത് ഫോണ്‍ എടുക്കുകയോ മുറി തുറക്കുകയോ ചെയ്തില്ലെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ രോഹിത്തിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ഹെല്‍ത്ത് സപ്ലിമെന്റുകളുടെയും കവറുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്‌ലാറ്റിലേക്കു ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതായി പൊലീസ് പറഞ്ഞു. എന്നാല്‍, അവര്‍ എത്തുന്നതിനു മുന്‍പ് മരണം സംഭവിച്ചു. ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.