സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലായി (എസ്ജി) വീണ്ടും നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നല്‍കിയത്. കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.തുഷാര്‍ മേത്തയുടെ പുതിയ കാലാവധി ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന നിയമ ഓഫീസര്‍ ആയി തുടരും.
2018 ലാണ് തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലാകുന്നത്. ഇതിനകം എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. പുതിയ കാലാവധി അവസാനിക്കുമ്പോള്‍ തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കും. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റര്‍ ജനറലായി തുഷാർ മേത്ത മാറും.അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ സൂര്യപ്രകാശ് വി. രാജു, എന്‍. വെങ്കിട്ടരാമന്‍, ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ രണ്ട് എ.എസ്.ജിമാരായ വിക്രം ജി ബാനര്‍ജി, കെ.എം. നടരാജ് എന്നിവരുടെ കാലാവധിയും മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി എഎസ്ജി ചേതന്‍ ശര്‍മ്മയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.