നടിയെ ആക്രമിച്ച കേസ്: വിധി മരവിപ്പിക്കണമെന്ന അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: വിധി മരവിപ്പിക്കണമെന്ന അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളുടെ അപ്പീലിലാണ് വാദം. വാദം കേള്‍ക്കാനായി അപ്പീല്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.കേസിൽ ആറ് പ്രതികളെ 20 വർഷത്തെ കഠിനതടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരായ അപ്പീലിലിൽ തീരുമാനമാകുന്നതുവരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. ഇവരുടെ ശിക്ഷ വർധിപ്പിക്കണമെന്നും, ദിലീപടക്കം വെറുതെ വിട്ട നാലുപ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സർക്കാരിൻ്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഉൾപ്പെടെ 6 പ്രതികളെ ശിക്ഷിച്ച എറണാകുളം പ്രlൻസിപ്പൽ സെഷൻസ് കോടതി, ദിലീപുൾപ്പെടെ 4 പേരെ വെറുതെ വിട്ടിരുന്നു.അതേസമയം മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം പരിശോധിക്കുന്നതിൻ്റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ വിചാരണ കോടതിയുടെ കസ്‌റ്റഡിയിലുള്ള മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി രജിസ്ട്രാർക്ക് സെഷൻസ് കോടതി കൈമാറണമെന്നാണ് നിർദേശം.