ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരർ ഡൽഹിയിൽ അറസ്‌റ്റിൽ

ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരർ ഡൽഹിയിൽ അറസ്‌റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് ഭീകരര്‍ അറസ്റ്റിൽ. ഐഎസ്ഐ പ്രവർത്തകനായ ഷഹസാദ് ഭട്ടിയുടെ നിർദേശപ്രകാരം പ്രവർത്തിച്ച മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ രാജ്‌വീർ (21), വിവേക് ​​ബഞ്ചാര (19) എന്നിവരെയാണ് ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്‌തത്. ഡൽഹി-എൻസിആർ മേഖലയിൽ വെടിവയ്പ്പ്, ഗ്രനേഡ് ആക്രമണം, കൊലപാതകങ്ങൾ എന്നിവ നടത്താനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ പ്രതികൾ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.ഒരു പിസ്റ്റളും ആറ് ലൈവ് കാട്രിഡ്‌ജുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോകളും വോയ്‌സ് നോട്ടുകളും അടങ്ങിയ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഐഎസ്‌ഐയുമായി ബന്ധമുള്ള മറ്റ് ഹാൻഡ്‌ലർമാർക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഡൽഹി-എൻസിആറിൽ ലക്ഷ്യമിട്ടുള്ള അക്രമ പ്രവർത്തനങ്ങൾക്കായി അവരെ വിന്യസിക്കുകയും ചെയ്‌തിരുന്നതായി പ്രതികൾ ചേദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രവീൺ കുമാർ ത്രിപാഠി പറഞ്ഞു.

ഷഹ്‌സാദ് ഭട്ടിയുടെ നിർദേശപ്രകാരം ഡൽഹി-എൻ‌സി‌ആറിലെ ഒരു പ്രമുഖ ഹോട്ടൽ ലക്ഷ്യമാക്കി ആക്രമണം നടത്താൻ തയ്യാറെടുക്കുന്ന സമയത്താണ് രാജ്‌വീറിനെ അറസ്റ്റ് ചെയ്‌തത്. അതിനാൽ വലിയൊരു ആക്രമണം തടയാൻ പൊലീസിന് സാധിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 16 ന് ഗ്വാളിയോറിലെ ദാബ്രയിൽ നിന്ന് വിവേക് ​​ബഞ്ചാരയെ ആദ്യം പിടികൂടി.ചോദ്യം ചെയ്യലിൽ, തൻ്റെ കൂട്ടാളിയായ രാജ്‌വീറിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രതി വെളിപ്പെടുത്തി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18 ന് ഡൽഹിയിലെ സരായ് കാലെ ഖാൻ പ്രദേശത്ത് നിന്ന് രാജ്‌വീറിനെ അറസ്റ്റ് ചെയ്‌തു. ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസി രാജ്‌വീർ സോഷ്യൽ മീഡിയ വഴി ഭട്ടിയുടെ നെറ്റ്‌വർക്കുമായി നിരന്തരം ബന്ധപ്പെടാറുള്ള ഒരു യുവ റിക്രൂട്ട്‌മെൻ്റ് ഏജൻ്റാണെന്ന് പ്രതികളുടെ പ്രൊഫൈലുകൾ പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു.