കൊച്ചിയിൽ വൻ ലഹരിവേട്ട; കോടികളുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചിയിൽ വൻ ലഹരിവേട്ട; കോടികളുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

എറണാകുളം : കൊച്ചി നഗരത്തെ ഞെട്ടിച്ച് സിറ്റി പൊലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എംഡിഎംഎയും കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒന്നാമത്തെ പ്രതിയായ ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസിനെ (24) ചേരാനല്ലൂർ സിഗ്നൽ ജങ്ഷന് സമീപത്തുനിന്നാണ് 247 ഗ്രാം എംഡിഎംഎയും 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് പാർസൽ മാർഗം ലഹരിമരുന്ന് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു.

മറ്റൊരു റെയ്ഡിൽ ഏലൂർ മഞ്ഞുമ്മൽ ഭാഗത്തുനിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ കൗമാരക്കാരനെ 13.618 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും യുവാക്കൾക്കിടയിലും വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു ഈ വൻ കഞ്ചാവ് ശേഖരം. നഗരത്തിലെ ഈ വലിയ ലഹരി ശൃംഖലയുടെ ഉറവിടങ്ങളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.