"നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു" : എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ബിജെപി–യുഡിഎഫ് രഹസ്യ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായും, ആഴത്തിലുള്ള വിമർശനവും സ്വയവിമർശനവും പാർട്ടിയിൽ ഉണ്ടായതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപി - യുഡിഎഫ് ഡീൽ
“കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. ചില മണ്ഡലങ്ങളിൽ യുഡിഎഫിന് ജയിക്കാൻ സാധിക്കില്ലെന്ന് കണ്ട് ബിജെപിക്ക് വോട്ട് മറിച്ചുനൽകി. കേരളത്തിൽ മൂന്നിടത്ത് ബിജെപി ജയിച്ചത് അതീവ ഗൗരവമേറിയ വിഷയമാണ്. സിപിഎം–ബിജെപി ഡീൽ എന്ന് കള്ളപ്രചാരണം നടത്തി കൃത്യമായ അജണ്ടയോടെ വോട്ടുകൾ പരസ്പരം കൈമാറുകയാണ് അവർ ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴും ഈ ബിജെപി–യുഡിഎഫ് ഡീൽ നിലനിൽക്കുകയാണ്. പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ എൽഡിഎഫിന് സാധിച്ചില്ല,” അദ്ദേഹം പറഞ്ഞു. "കേരളത്തിലും കർണാടകത്തിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം അവതരിപ്പിച്ചതും, പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതും, എം.ജി (MG) യൂണിവേഴ്സിറ്റി വിസിയായി ആർഎസ്എസ് നേതാവിനെ നിശ്ചയിച്ചതും കോൺഗ്രസ്–ബിജെപി ഡീലിന്റെ ഭാഗമായാണ്.ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയും ഒരക്ഷരം പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശനോ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ തയ്യാറാകുന്നില്ലെന്നും, ഈ വിനാശകരമായ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ഇടതുപക്ഷം ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലീഗ്
മതത്തെയും സ്വത്വരാഷ്ട്രീയ ചിന്തകളെയും മുൻനിർത്തി വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഐആർ (SIR) കൊണ്ടുവന്നത് പിണറായി വിജയനാണെന്ന കള്ള പ്രചാരണം ലീഗും ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് നടത്തി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി. വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ പാർട്ടി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും, അതിനെ ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതും അവർക്കിടയിലെ സംശയം ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചതും വോട്ടുകുറയാൻ കാരണമായി. നിർമ്മാണ മേഖല ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതിലുള്ള അസംതൃപ്തിയും തിരിച്ചടിയായി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ചോദിച്ച രാഹുൽ ഗാന്ധി, ‘ഇന്ത്യ’ മുന്നണി യോഗത്തിൽ വെച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ് താൻ അങ്ങനെ ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയതായി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. “മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും മംഗലാപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അദ്ദേഹം തുറമുഖവകുപ്പ് സ്വയം ഏറ്റെടുക്കുകയും ചെയ്തു,” .എംവി .ഗോവിന്ദൻപറഞ്ഞു.