കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ഭഗീരഥ് സായി പോക്‌സോ കേസിൽ അറസ്‌റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ഭഗീരഥ് സായി പോക്‌സോ കേസിൽ അറസ്‌റ്റിൽ

ഹൈദരാബാദ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ഭഗീരഥ് സായി പോക്‌സോ കേസിൽ അറസ്‌റ്റിൽ. 17 കാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് അറസ്‌റ്റ്. ഇന്നലെ  വൈകുന്നേരമായിരുന്നു ഭഗീരഥിൻ്റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തിയത്.അഭിഭാഷകർക്കൊപ്പം പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭഗീരഥ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സംഭവം.ശനിയാഴ്‌ച രാത്രിയോടെ അറസ്‌റ്റ് ചെയ്‌ത ഭഗീരഥിനെ അർദ്ധരാത്രിയോടെ മജിസ്‌ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. തുടർന്ന് ചെർളപ്പള്ളിയിലെ ജയിലിലേക്ക് മാറ്റി.

പോക്സോ കേസിൽ ഭാഗീരഥ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഈ ഘട്ടത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് തെലങ്കാന ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അർദ്ധരാത്രിയിലും വാദം കേട്ട ജസ്‌റ്റിസ് മാധവി ദേവി കേസിൽ ഇടക്കാല സംരക്ഷണം സംബന്ധിച്ച ഹർജിക്കാരൻ്റെ അഭ്യർത്ഥന പരിഗണിക്കുമെന്ന് അറിയിച്ചു.പരാതിയിൽ പൊരുത്തക്കേടുകളുണ്ടെന്നും എഫ്ഐആറിൽ തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്‌റ്റ് ചെയ്യേണ്ടതില്ലെന്നും വ്യാജ കേസിൽ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെ പരാതി ആരോപിച്ചതാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എസ് നിരഞ്ജൻ റെഡ്ഡി വാദിച്ചു.

പ്രതിക്കെതിരെ ആരോപിക്കപ്പെട്ട സംഭവം നടന്നത് ഡിസംബറിലാണെന്നും മാർച്ചിൽ നിയമോപദേശങ്ങൾ ലഭിച്ചതിന് ശേഷം മെയ് എട്ടിനാണ് പരാതി ഔദ്യോഗികമായി സമർപ്പിച്ചതെന്നും നിരഞ്ജൻ റെഡ്ഡി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട രേഖകളിൽ ചില പൊരുത്തക്കേടുകൾ കാണിക്കുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.പരാതിയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് നടന്നതെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റെഡ്ഡി വാദിച്ചു. ജനുവരി ഏഴിന് ഹർജിക്കാരൻ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ക്രിമിനൽ കേസ് പുറത്തുവന്നതെന്ന് അദ്ദേഹം വാദിച്ചു.അതേസമയം പോക്സോ നിയമത്തിലെ സെക്ഷൻ 5 ഉം 6 ഉം ഉൾപ്പെടുന്ന ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം പൊതുവെ നിലനിൽക്കില്ലെന്നും ഹർജിയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ പല്ലെ നാഗേശ്വര റാവു വാദിച്ചു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വകുപ്പുകൾ മാറ്റാനും ചേർക്കാനും പൊലീസിന് അധികാരമുണ്ടെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഫെർണാണ്ടസ് ആശുപത്രി, ജിഎച്ച്എംസി രേഖകൾ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം പെൺകുട്ടിയുടെ ജനനതീയതി 2008 ഓഗസ്‌റ്റ് 12 ആണെന്നും സംഭവം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.17 കാരിയുടെ അമ്മയുടെ പരാതിയിൽ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് യുവാവിനെതിരെ കേസെടുത്തത്. 2025 ലാണ് തൻ്റെ മകൾ ആദ്യമായി ഭഗീരഥിനെ പരിചയപ്പെടുന്നത്. പിന്നീട് അയാൾ വാഗ്‌ദാനങ്ങൾ നൽകി തൻ്റെ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കേസിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ യൂട്യൂബ്, ഇൻസ്‌റ്റാഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയ 14 പേർക്കെതിരെ പെറ്റ് ബഷീറാബാദ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മെഡ്‌ചൽ-മൽകജ്‌ഗിരി ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ രാജാ റെഡ്ഡിയുടെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.