യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചു, രണ്ടാഴ്ചത്തെ നയതന്ത്ര നീക്കത്തിന് തുടക്കo

യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചു, രണ്ടാഴ്ചത്തെ നയതന്ത്ര നീക്കത്തിന് തുടക്കo

വാഷിങ്‌ടൺ: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന സംഘർഷത്തിന് താത്കാലിക വിരാമം. ഹോർമുസ് കടലിടുക്ക് തുറക്കാനും രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവയ്ക്കാനും അമേരിക്കയും ഇറാനും ധാരണയിലെത്തി. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് തയാറായത്.

 തന്ത്രപരമായ ഒരു മധ്യസ്ഥ ശ്രമവുമായി പാക്കിസ്ഥാൻ 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവർ 14 ദിവസം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിലെത്തിയത്. സാങ്കേതിക പരിമിതികൾ പരിഹരിച്ച് സായുധ സേനയുടെ സഹകരണത്തോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ അനുമതി നൽകും.

അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായില്ലെങ്കിൽ സൈനിക നടപടികൾ അവസാനിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ഷെഹ്ബാസ് ഷെരീഫ്, അസിം മുനീർ എന്നിവരുടെ അഭ്യർഥന മാനിച്ചാണ് സൈനിക നീക്കം നിർത്തിവച്ചതെന്ന് ട്രംപ് പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുമ്പ് ഹോർമുസ് പൂർണമായും തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വഴങ്ങിയത്. തങ്ങളുടെ പ്രധാന സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുവെന്നാണ് അമേരിക്കയുടെ വിശദീകരണം.

സമാധാന ഉച്ചകോടി ഇസ്‌ലാമാബാദിൽ

അമേരിക്കയുടെ 15 ഇന നിർദേശങ്ങളും ഇറാൻ്റെ 10 ഇന നിർദേശങ്ങളുമാകും തുടർന്നുള്ള ചർച്ചകൾക്ക് അടിസ്ഥാനമാവുക. കൂടുതൽ സമാധാന ചർച്ചകൾ വെള്ളിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടക്കും. സമാധാന നീക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ വലിയ മാറ്റങ്ങളുണ്ടായി.ക്രൂഡ് ഓയിൽ വിലയിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഓഹരി വിപണികളിലും അനുകൂല മാറ്റമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും മിസൈൽ ശേഖരം ഉൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ പൂർണ ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ തർക്കവിഷയങ്ങളിൽ ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അന്തിമ കരാറിലെത്താൻ ഇത് സഹായിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

വെടിനിർത്തൽ കരാറിൽഇസ്രയേലിന് അതൃപ്തി

താത്കാലിക വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തിയുണ്ട്. ഇസ്രയേലിനെ പൂർണ വിശ്വാസത്തിൽ എടുക്കാതെയാണ് അമേരിക്ക തീരുമാനത്തിൽ എത്തിയതെന്നാണ് സൂചന. ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾ വെടിനിർത്തൽ കരാറിൻ്റെ പരിധിയിൽ വരുമോ എന്നതിൽ ആശങ്കയുണ്ട്.സമ്പുഷ്ടീകരിച്ച യുറേനിയം കൈവശമുള്ള ഇറാൻ ആണവ പദ്ധതികൾ പൂർണമായും ഉപേക്ഷിക്കാൻ തയാറാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇറാനിൽ ഭരണമാറ്റം ഉണ്ടായെന്നും കൂടുതൽ ബുദ്ധിമാന്മാരും കുറഞ്ഞ തീവ്രവാദ സ്വഭാവമുള്ളവരുമായ ആളുകൾ നേതൃത്വത്തിൽ എത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.

സ്വാഗതം ചെയ്ത് ഇന്ത്യ 

വെടിനിർത്തൽ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു സൂചനയായാണ് കേന്ദ്ര സർക്കാർ ഇതിനെ വിലയിരുത്തുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നു.ഹോർമുസ് കടലിടുക്കിൽ പഴയസ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുന്നത്. വാണിജ്യ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം വേഗത്തിൽ ഉണ്ടാകണം. ഊർജ ആവശ്യങ്ങൾക്കും വാണിജ്യത്തിനും ഗതാഗതം തടസമില്ലാതെ നടക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണ്.

നടപടികളെ അപലപിച്ച് ലോകനേതാക്കൾ

സമൂഹത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനെയോ സാധാരണക്കാർക്ക് ദുരിതം നൽകുന്നതിനെയോ ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ തലവൻ അൻ്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ജനങ്ങൾക്ക് നേരെയുള്ള ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് പോപ്പ് ലിയോ പതിനാലാമനും പ്രതികരിച്ചു.അന്താരാഷ്ട്ര നിയമങ്ങളുടെ പ്രശ്നമാണെങ്കിലും ജനങ്ങളുടെ നന്മയുമായി ബന്ധപ്പെട്ട ധാർമിക വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും, വർഷങ്ങളോളം എണ്ണയും പ്രകൃതിവാതകവും നിഷേധിക്കുമെന്നും ഇറാൻ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ച് 28ന് ആരംഭിച്ച സംഘർഷമാണ് പുതിയ വെടിനിർത്തലോടെ താത്കാലികമായി അവസാനിക്കുന്നത്.