അമേരിക്ക ഉപരോധം പിൻവലിച്ചില്ല :ഹോർമുസ് വീണ്ടും അടച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് വീണ്ടും അടച്ചെന്ന് ഇറാൻ. അമേരിക്കൻ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ലെബനൻ വെടി നിർത്തലിന് പിന്നാലെ ഹോർമുസിലെ നിയന്ത്രണങ്ങൾ ഇറാൻ പിൻവലിച്ചെങ്കിലും ഇറാൻ തുറമുഖങ്ങളിൽ നിന്ന് എത്തുന്ന കപ്പലുകളെ യുഎസ് സൈന്യം പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചയക്കുകയാണ്. ഇതിനെ തുടർന്നാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് പൂട്ടിയത്. ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും ട്രംപ് അവകാശപ്പെട്ട അർത്ഥത്തിൽ യുറേനിയം കൈമാറുന്നതോ ആണവ പദ്ധതി ഉപേക്ഷിക്കുന്നതോ നിലവിൽ സമ്മതിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം ബുധനാഴ്‌ചക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ദീർഘകാല ധാരണയിൽ എത്തിയില്ലെങ്കിൽ ബോംബിങ് തുടരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ഇറാൻ വെടി നിർത്തൽ കാലാവധി അവസാനിക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെയാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ലെബനൻ വെടി നിർത്തലിന് പിന്നാലെ ലോകത്തെ 20 ശതമാനം എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും ഇറാൻ തുറന്ന് കൊടുത്തിരുന്നു. ഹോർമൂസ് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. പിന്നീട് അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.ഏഴ് ആഴ്‌ച നീണ്ട യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാനെ നിർബന്ധിതരാക്കുന്നതിനാണ് ഈയാഴ്‌ച ആദ്യം ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകളിൽ ആണവ പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായിരുന്നില്ല. എന്നാൽ ഈ വാരാന്ത്യത്തിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചയ്ക്ക് തയാറാണെന്നും ഉടൻ കൂടിക്കാഴ്‌ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് ഇറാനിൽ ആശയക്കുഴപ്പം തുടരുകയാണ്. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെയും ചർച്ചാ സംഘത്തിൻ്റെയും മൗനത്തെ വിമർശിച്ച് ഫാർസ് വാർത്ത ഏജൻസി രംഗത്തെത്തി. യുദ്ധത്തിൽ പരിക്കേറ്റ പരമോന്നത നേതാവ് മൊജ്‌തബ ഖാമേനിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് നിലവിൽ ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നത്. കടലിടുക്ക് തുറക്കാൻ പരമോന്നത നേതാവിൻ്റെ അനുമതി ആവശ്യമാണെന്ന് മെഹർ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്‌തു.