ഇറാൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ :ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വലിയ തോതിൽ വർധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ പരിധി കടന്നിരിക്കുകയാണ്. ബെന്റ് ക്രൂഡ് വിലയിൽ 7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ബാരലിന് 102.29 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഹോർമൂസ് കടലിടുക്കിൽ നിരീക്ഷണം ശക്തമാക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം.
ഇന്നുമുതൽ ഇറാനിലേക്കും അവിടെ നിന്നുള്ളതുമായ കപ്പൽ ഗതാഗതത്തിന് ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ തുറമുഖങ്ങൾ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇറാൻ അല്ലാത്ത മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ലെന്നും അറിയിപ്പുണ്ട്. അമേരിക്കയുടെ ഭീഷണികളെ ഇറാൻ പരിഹസിച്ചു. ട്രംപിന്റെ നീക്കങ്ങൾ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പ്രതികരിച്ചു. മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഇറാൻ വ്യക്തമാക്കി.