വാഹനക്കടത്ത്: നടൻ ദുൽഖർ സൽമാനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്

എറണാകുളം : ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അതീവ രഹസ്യമായി ചോദ്യം ചെയ്തു . കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ഭൂട്ടാൻ അതിർത്തി വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് നികുതി വെട്ടിച്ചുള്ള ആഡംബര കാറുകൾ കടത്തുന്നത് തടയാൻ കസ്റ്റംസ് വിഭാഗം ആവിഷ്കരിച്ച ‘ഓപ്പറേഷൻ നുംഖോർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചത്.ഈ കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിന്റെ ഗാരേജിലുള്ള ലാൻഡ് റോവർ ഡിഫെൻഡർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, നിസാൻ പെട്രോൾ എന്നീ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾക്ക് പുറമെ, ദുൽഖർ നായകനായി തിയേറ്ററുകളിലെത്തിയ ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച മറ്റൊരു നിസാൻ കാറുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നിലവിൽ കോടതിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് വലിയ തുകയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവെച്ചാണ് താരത്തിന് ഈ വാഹനങ്ങൾ താൽക്കാലികമായി വിട്ടുകിട്ടിയത്.