പ്രവാസിവോട്ടർമാർക്ക് വിലങ്ങുതടിയായി പശ്ചിമേഷ്യൻ സംഘർഷം : ആശങ്കയോടെ രാഷ്ട്രീയ പാർട്ടികൾ

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും എത്തിയില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു മുടക്കവും കൂടാതെ വോട്ടവകാശമുള്ള പ്രവാസി വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം നാട്ടിലേക്കെത്തുന്ന പതിവുണ്ടായിരുന്നു. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് . പശ്ചിമേഷ്യൻ സംഘർഷം മൂലം അവരുടെ വരവ് ഇത്തവണ ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു വരികയാണ്.
വോട്ടവകാശമുള്ള പ്രവാസി മലയാളികളില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ വോട്ട് ചെയ്യാന്‍ എത്തുമെന്നായിരുന്നു പ്രവാസി സംഘടനകള്‍ പ്രതീക്ഷിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും അവര്‍ക്ക് പിന്‍ബലമുള്ള പ്രവാസി സംഘടനകളുടെ അംഗങ്ങളും ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിയ വേളയിലാണ് പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ വഷളായത്. കോണ്‍ഗ്രസിന്‍റെ പ്രവാസി വിഭാഗമായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഗള്‍ഫ് മേഖലയില്‍ സജീവമാണ്. സിപിഎമ്മുമായും ഇടതുമുന്നണിയുമായും ആഭിമുഖ്യമുള്ള നവോദയ, ശക്തി, കൈരളി, കല, സംസ്കൃതി എന്നീ പ്രവാസി സംഘടനകളും ഗള്‍ഫ് മേഖലയില്‍ സജീവമാണ്. നവോദയ സൗദി അറേബ്യയിലും ശക്തി കൈരളി സംഘടനകള്‍ യു എ ഇയിലും കല കുവൈറ്റിലും സംസ്‌കൃതി ഖത്തറിലുമാണ് സജീവം. ആര്‍എസ്എസ് ആഭിമുഖ്യമുള്ള പ്രവാസി ഭാരതി, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള പ്രവാസി വെല്‍ഫെയര്‍ ഫോറം എന്നിവയും ഗള്‍ഫ് മേഖലയില്‍ പ്രവൃത്തിക്കുന്നുണ്ട്. സാംസ്‌കാരിക സംഘടനകള്‍ എന്ന നിലയില്‍ പ്രവൃത്തിക്കുന്ന ഈ സംഘടനകള്‍ ജീവകാരുണ്യ മേഖലയിലുംസജീവമാണ് .
ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്‌നങ്ങളിലും മറ്റും കാര്യമായിത്തന്നെ ഇടപെടാറുള്ള ഈ സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയ ആശയ പ്രചാരണവും നടത്താറുണ്ട്. പലര്‍ക്കും യാത്രാച്ചെലവ് നല്‍കുന്നതിനു പുറമേ ചിലഘട്ടങ്ങളില്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്‌ത് കൂട്ടമായി പ്രവാസികളെ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിക്കുന്ന രീതിയും മുന്‍ കാലങ്ങളില്‍ ഈ സംഘടനകള്‍ കൈക്കൊണ്ടിരുന്നു. അതൊക്കെ ഇത്തവണ മുടങ്ങും എന്ന സൂചനയാണ് പ്രവാസി സംഘടനകള്‍ നല്‍കുന്നത്. വിമാനചാര്‍ജ്ജ് തന്നെയാണ് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി നില്‍ക്കുന്നത്. വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്നതിന് ദുബായില്‍ നിന്നും 90,000 രൂപ വരെ വേണ്ടി വരും. ഏപ്രില്‍ രണ്ടാം തിയതിയിലെ റേറ്റ് ആണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30,000 രൂപക്ക് വോട്ട് ചെയ്ത് തിരിച്ചു പോകാമായിരുന്നു. വിമാനച്ചാര്‍ജ് കൂടിയതു കൊണ്ട് വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകാം എന്ന് ആലോചിച്ചിരുന്ന പലരും തീരുമാനം മാറ്റുകയാണ്. നാട്ടിലേക്കെത്താന്‍ മാത്രം അമ്പതിനായിരം രൂപക്കുമേലയാണ് വിമാനകമ്പനികളുടെ നിരക്ക്.അവധിക്ക് നാട്ടില്‍ പോയാല്‍ അവധി കഴിഞ്ഞ് സമയത്തിന് തിരികെ ജോലിയില്‍ കയറാനാകുമോ എന്ന ശങ്ക വലിയൊരു വിഭാഗത്തിനുണ്ട്. യുദ്ധം മൂലം തിരിച്ച് ജോലി സ്ഥലത്ത് എത്താന്‍ കഴിയാതെ പോകുന്ന സ്ഥിതിയുണ്ടാകുമോ എന്ന ഭയമാണ് ഒരു വിഭാഗം നേരിടുന്ന ഭീഷണി.ഖത്തര്‍ എയര്‍വേഴ്‌സ് ഏപ്രില്‍ 15 വരെ കോഴിക്കോട്ടേക്കുളള സര്‍വ്വീസ് നിര്‍ത്തി വച്ചിട്ടുണ്ട്. ബഹ്‌റിന്‍-കോഴിക്കോട്, ദുബായ്-കോഴിക്കോട്, കുവൈത്ത്-കോഴിക്കോട്, എന്നീ സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ ഇനിയും ഉറപ്പിച്ചുള്ളൊരു തീരുമാനമായിട്ടില്ല. ഇങ്ങിനെയൊക്കെയാണെങ്കിലും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴി വോട്ടര്‍മാരെ എത്തിക്കാനുള്ള ശ്രമം സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തൊക്കെ പ്രവാസി വോട്ടര്‍മാരേയും വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍ മംഗലാപുരം വിമാനത്താവളങ്ങളില്‍ എത്താറുണ്ടായിരുന്നു. പ്രത്യേക വിമാനങ്ങളിലല്ലാതെ എത്തുന്ന പ്രവാസി വോട്ടര്‍മാര്‍ വേറെയും ഉണ്ടായിരുന്നു.
വോട്ടിന് നാട്ടില്‍ പോകാന്‍ മടിച്ചിരുന്ന പലരേയും ടിക്കറ്റെടുത്ത് നല്‍കി നാട്ടിലെത്തിക്കുന്ന അത്രയും രാഷ്ട്രീയ പ്രതിബദ്ധത കാട്ടിയിരുന്നു ഈ സംഘടനകള്‍ പലതും. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് മലബാറിലെത്തുന്ന പ്രവാസി വിമാനങ്ങള്‍ ഗണ്യമായി കുറയും. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളായിരുന്നു പ്രവാസി സംഘടനകളുടേത്. പോളിങ്ങിന് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വോട്ടര്‍മാരെയും കൊണ്ടുളള വിമാനങ്ങള്‍ നാട്ടിലെത്തുകയായിരുന്നു പതിവ്. അതിനും വളരെ മുമ്പ് നാട്ടിലേക്ക് പോകാനുള്ളവരെ കണ്ടെത്തി ബുക്കിങ്ങും മറ്റും പൂര്‍ത്തീകരിക്കും.
എന്തായാലും ഇത്തവണ പ്രവാസി വോട്ടര്‍മാരുടെ വോട്ടിങ് ശതമാനത്തിലും ഗണ്യമായ കുറവുണ്ടായേക്കും. എസ്ഐആര്‍ വന്നതിന് ശേഷം ഭൂരിഭാഗം പേരും വോട്ട്‌ചെയ്യാന്‍ ആവേശത്തോടെ നാട്ടിലെത്താന്‍ ശ്രമിക്കവേയാണ് ഇടിത്തീ പോലെ യുദ്ധം വന്നെത്തിയത്. ഒരു വോട്ട് മാത്രമല്ല പൗരാവകാശം കൂടി നിലനിര്‍ത്തണമെന്ന ഒരു ചിന്ത കൂടി പ്രവാസികള്‍ക്ക് ഉണ്ടായിരുന്നു. എല്ലാ പ്രവാസ സംഘടനകളും എസ്ഐആര്‍ നടപടികളുമായി സഹകരിച്ച് പരമാവധി വോട്ട് ചേര്‍പ്പിക്കാനും വോട്ട് ഉറപ്പു വരുത്താനും ശ്രമിച്ചിരുന്നു.പ്രവാസി വോട്ടര്‍മാരുടെ വോട്ട് പോള്‍ ചെയ്യപ്പെടാതെ പോകും എന്നത് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്നം. ഓരോ പ്രവാസി വോട്ടര്‍ക്കും സ്വാധീനിക്കാന്‍ കഴിയുന്ന ബന്ധുജനങ്ങളുടെ വോട്ടുകളും നിര്‍ജ്ജീവമായിപ്പോകുമോയെന്ന് പാര്‍ട്ടികള്‍ ഭയക്കുന്നു. മുന്‍ കാലങ്ങളിലൊക്കെ നാട്ടിലെത്തുന്ന പ്രവാസി വോട്ടര്‍മാര്‍ പ്രചാരണത്തിലും സജീവമായി പങ്കുചേരാറുണ്ടായിരുന്നു.അതും ഇത്തവണ ഇല്ലാതായിരിക്കയാണ്.
എന്തൊരു യുദ്ധമാണിത് !!?