'നഴ്സിങ് സേവനം അവശ്യ സേവന നിയമത്തിൻ്റെ പരിധിയിൽ വരുമോ' ?സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി

എറണാകുളം: നഴ്സുമാരുടെ സമരത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. 'നഴ്സിങ് സേവനം അവശ്യ സേവന നിയമത്തിൻ്റെ പരിധിയിൽ വരുമോ' എന്ന കാര്യത്തിൽ സർക്കാർ നിലപാടറിയിക്കാൻ കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നീക്കം.
നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അതിനാൽ എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെൻ്റുകളുടെ പ്രധാന ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ വിശദമായ വാദം കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. നഴ്സിങ് സേവനങ്ങളെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നതിലാണ് ഇപ്പോൾ സർക്കാർ വ്യക്തത വരുത്തേണ്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനുകളുടെ ഹർജിയിൽ വിശദമായ വാദം നാളെ തുടരും.നേരത്തെ പ്രശ്നപരിഹാരത്തിനായി മധ്യസ്ഥ ചർച്ചകൾ നടത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെട്ടതോടെ നഴ്സുമാർ സമരം പുനരാരംഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്സിങ് സേവനം അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുമോ എന്ന് കോടതി ആരാഞ്ഞത്. ആശുപത്രി പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.ഈ ഇടക്കാല ഉത്തരവ് തുടരാനും ഹൈക്കോടതി നിർദേശമുണ്ട്. ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കാൻ പാടില്ല. ജോലിക്ക് വരാൻ താൽപ്പര്യമുള്ള നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും പൊലീസ് മതിയായ സംരക്ഷണം നൽകണം. ആശുപത്രി പരിസരത്ത് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാൻ പാടില്ല എന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ജോലിക്ക് വരാൻ താൽപ്പര്യമുള്ള നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സമരക്കാരായ സംഘടനകൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി വർധിപ്പിക്കുക, ഡ്യൂട്ടി ഷിഫ്റ്റിലെ അപാകതകൾ പരിഹരിക്കുക, വർധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച് വേതനം വർധിപ്പിക്കുക, ജോലിഭാരം കുറയ്ക്കുന്നതിന് സ്റ്റാഫ് ലെവലുകൾ മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട രോഗി-പരിചരണ അനുപാതം, യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരത്തിനിടയിലും രോഗികളുടെ ചികിത്സ മുടങ്ങരുതെന്ന നിലപാടായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റുകളുടെ സംഘടന നൽകിയ ഹർജിയിയില്‍ കോടതി സ്വീകരിച്ചിരുന്നത്.