യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസ്‌ : അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസ്‌ : അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട്‌ കോടതി അംഗീകരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പടെയുള്ള രേഖകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കും. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്‌തു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എ നസീറയാണ് കേസ് പരിഗണിച്ചത്.വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്. പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ്‌ കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇത് കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ട് എന്ന് കോടതി പല തവണ ആരാഞ്ഞിട്ടും പ്രോസിക്യൂഷൻ വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് കോടതിയെ ധരിപ്പിച്ചിരുന്നത്. ഭരണം മാറിയതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ നിലപാടു മാറ്റി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

2022 ജൂൺ 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളിൽ പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർകെ നവീൻകുമാർ എന്നിവർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ഇ പി ജയരാജൻ്റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.