ലഹരി കലർന്ന അരിഷ്‌ടം കഴിച്ച് യുവാവ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

ലഹരി കലർന്ന അരിഷ്‌ടം കഴിച്ച് യുവാവ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: ധാത്ര്യാരിഷ്‌ടം എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്‌ടം കഴിച്ച് യുവാവ് മരിച്ചതായി പരാതി. ചേര്യംക്കൊല്ലി കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരച്ചത്. സംഭവത്തിൽ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദമായ ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പൊലീസ് അടപ്പിച്ചു.കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. പ്രസാദിൻ്റെ മരണകാരണം അമിതമായ മദ്യപാനവും ഒപ്പം ഈ അരിഷ്‌ടം കുടിച്ചതിലൂടെ രക്തത്തിലുണ്ടായ കറയുമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ലഹരി ലക്ഷ്യമിട്ടാണ് പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഈ അരിഷ്‌ടം വാങ്ങിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

കല്ലുമൊട്ടൻകുന്ന് കോളനിയിലെ പ്രസാദ് മരിക്കാനിടയായ സാഹചര്യത്തിൽ ഉത്തരവാദി ഇവിടെ നിയന്ത്രണമില്ലാതെ അരിഷ്‌ടം വിൽക്കുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് ആണ്. ആര് എപ്പോൾ ചെന്നാലും ഇവിടെ ഈ സാധനം കിട്ടുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുമേഷ് പറയുന്നു."200 മില്ലിക്ക് 50 രൂപയും 450 മില്ലിക്ക് 100 രൂപയുമാണ് നിരക്ക്. പടിഞ്ഞാറത്തറയ്ക്ക് പുറമെ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിൽ നിന്നുപോലും ആളുകൾ ഇത് തേടി വരുന്നുണ്ട്. ഡ്രൈ ഡേകളിൽ പോലും ഇത് 24 മണിക്കൂറും ലഭ്യമാണ്. ഡോക്‌ടറുടെ കുറിപ്പടിയോ ഫാർമസിസ്‌റ്റോ അവിടെയില്ല. പരാതി കൊടുക്കുമ്പോൾ രണ്ട് ദിവസം അടച്ചിടും എന്നല്ലാതെ അധികൃതർ ശാശ്വത നടപടി എടുക്കുന്നില്ല", സുമേഷ് പറഞ്ഞു."ഞാനും ഇത് കഴിക്കാറുണ്ട്. ഇതിൽ നല്ല ലഹരിയുണ്ട്, കഴിച്ചാൽ ബോധം പോകും. രണ്ട് കുപ്പി കുടിച്ചാൽ ഒരു ക്വാർട്ടർ മദ്യം അടിച്ച ഫലമാണ്. 50 രൂപയ്ക്ക് കിട്ടുമെന്നത് കൊണ്ടാണ് ബിവറേജിൽ പോകാതെ ആളുകൾ ഇത് വാങ്ങുന്നത്. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ ഇത് അവിടെ കിട്ടും," പ്രസാദിൻ്റെ ബന്ധുവായ മുകേഷ് പറഞ്ഞു.

നാട്ടിലെ അവസ്ഥ പരിതാപകരമാണെന്ന് മറ്റൊരു ബന്ധു പ്രതികരിച്ചു. പൊലീസുകാരും എക്സൈസുകാരും വരുന്നുണ്ട്, പക്ഷെ അവർ പണം വാങ്ങി പോവുകയാണ് ചെയ്യുന്നത്. സ്‌കൂളിൽ പോകുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിന് അടിമകളാണ്. ഈ കട പൂട്ടിച്ചില്ലെങ്കിൽ ഞങ്ങളുടെ നാട് നശിച്ചുപോകുമെന്നാണ് അവർ പറയുന്നത്.കോളനിയിലെ സ്ത്രീകളും സമാനമായ പരാതിയാണ് ഉന്നയിക്കുന്നത്. പണിയെടുത്ത് കിട്ടുന്ന പണം മുഴുവൻ പുരുഷന്മാർ ഈ കടയിൽ നൽകുകയാണെന്നും വീട്ടിൽ അരി വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നും അവർ കണ്ണീരോടെ പറയുന്നു.ജനരോഷം ശക്തമായതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് കട അടപ്പിച്ചു. ഗോത്രവിഭാഗങ്ങളുടെ ആയുസ്സ് ഇല്ലാതാക്കുന്ന ഇത്തരം വ്യാജ വിൽപന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.