FIFA WORLD CUP 2026:ഗ്രൂപ്പ് സിയിലെ ഉദ്ഘാടന മത്സരത്തിൽ മൊറോക്കോയെ സമനിലയിൽ തളച്ച് ബ്രസീൽ

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കാനറികൾ മൊറോക്കോയെ നേരിട്ടു. സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ ഇറങ്ങിയ ബ്രസീൽ, മൊറോക്കോയ്‌ക്കെതിരെ 1-1 എന്ന സ്‌കോറിന് സമനില വഴങ്ങി. ശക്തമായ മുന്നേറ്റനിരയുമായി കളം നിറഞ്ഞെങ്കിലും ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.
. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.തുടക്കം മുതൽ തന്നെ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്തെടുത്തത്. ബ്രസീൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് മൊറോക്കൻ താരങ്ങള്‍ നിരന്തരം മുന്നേറ്റങ്ങൾ നടത്തി. ഇതിൻ്റെ ഫലമായി മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ മൊറോക്കോ ആദ്യ ഗോൾ നേടി. സൂപ്പർ താരം ബ്രാഹിം ഡയസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഇസ്‌മയേൽ സൈബാരി പന്ത് ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കറുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്‌ത് വലയിലാക്കുകയായിരുന്നു.
വിനീഷ്യസിൻ്റെ മറുപടി
ഒരു ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ബ്രസീൽ തങ്ങളുടെ ഊർജ്ജം വീണ്ടെടുത്തു. 32-ാം മിനിറ്റിൽ ബ്രസീലിൻ്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിന് സമനില സമ്മാനിച്ചു. ബ്രൂണോ ഗ്വിമാരസിൻ്റെ പാസ് സ്വീകരിച്ച്, മൊറോക്കൻ പ്രതിരോധത്തെ വെട്ടിച്ച് വിനീഷ്യസ് തൊടുത്ത ക്ലിനിക്കൽ ഫിനിഷിംഗ് യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയിലേക്ക് തുളച്ചു കയറി.രണ്ടാം പകുതിയിൽ ലീഡ് നേടാനായി ഇരു ടീമുകളും കടുത്ത പോരാട്ടമാണ് നടത്തിയത്. ബ്രസീൽ നിരയിൽ നെയ്‌മറുടെ അഭാവം പ്രകടമായിരുന്നു. മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ ഇരുപക്ഷത്തും മാറ്റങ്ങൾ വരുത്തിയെങ്കിലും ആർക്കും വിജയഗോൾ കണ്ടെത്താനായില്ല. ഇൻജുറി ടൈമിൽ മൊറോക്കോയുടെ മികച്ചൊരു ഗോൾശ്രമം ബ്രസീൽ ഗോൾകീപ്പർ അലിസൺ രക്ഷപ്പെടുത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ബ്രസീലിനേക്കാൾ കൂടുതൽ ഷോട്ടുകൾ (ആകെ 13 ഷോട്ടുകൾ) ഉതിർത്തത് മൊറോക്കോ ആയിരുന്നു. കളിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ബ്രസീൽ ആയിരുന്നു.