പരാഗ്വായെ തകര്‍ത്ത് ചരിത്ര വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് അമേരിക്ക

പരാഗ്വായെ തകര്‍ത്ത്  ചരിത്ര വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് അമേരിക്ക

വാഷിങ്‌ടണ്‍: ഗ്രൂപ്പ് ഡി-യിലെ  ആദ്യ മത്സരത്തിൽ  ഒന്നിനെതിരെ നാല് ഗോളുകൾക്ക്‌  ആതിഥേയരായ അമേരിക്ക കരുത്തരായ പാരാഗ്വയെ തകർത്തു.മൂന്ന് പതിറ്റാണ്ടിനുശേഷം  ശേഷം ആദ്യമായാണ് അമേരിക്ക ഒരു ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ആ കാത്തിരിപ്പ് അവർ ഗംഭീരമായ ഒരു ഗോൾവേട്ടയോടെ ആഘോഷമാക്കുകയും ചെയ്തു.  അതിനൊപ്പം ഏത് വമ്പൻ ടീമിനെയും തകര്‍ക്കാൻ കഴിവുള്ള ഒരു സ്വകാഡുമായാണ് തങ്ങള്‍ പോരാട്ടത്തിനായി ഇറങ്ങുന്നതെന്ന  മുന്നറിയിപ്പും അമേരിക്കയ്‌ക്ക് ഈ വിജയത്തിലൂടെ നല്‍കാൻ സാധിച്ചു .

മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ അമേരിക്ക മുന്നിലെത്തി. അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിക് നൽകിയ മികച്ചൊരു ക്രോസ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ പാരാഗ്വയുടെ ഡിഫെൻഡർ ദാമിയൻ ബൊബാദില്ലയ്ക്ക് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് തന്നെ അടിച്ചുകയറ്റിയ ബൊബാദില്ലയുടെ 'ഓൺ ഗോൾ' അമേരിക്കയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. ആദ്യ ഗോളിന് ശേഷം അമേരിക്ക കളി പൂർണമായി നിയന്ത്രണത്തിലാക്കി. പിന്നീട് കളം നിറഞ്ഞത് അമേരിക്കൻ സ്‌ട്രൈക്കർ ഫോളാരിൻ ബലോഹൻ ആയിരുന്നു. 31-ാം മിനിറ്റിൽ പുലിസിക് നൽകിയ പാസ് സ്വീകരിച്ച് ബലോഹൻ മത്സരത്തിലെ തൻ്റെ ആദ്യ ഗോൾ നേടി.ആദ്യ പകുതിയുടെ അധിക സമയത്ത് (45+5') പാരാഗ്വയുടെ രണ്ട് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബലോഹൻ അടിച്ച മനോഹരമായ പന്ത് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയുടെ മുകളിൽ തറച്ചുകയറി. ഇതോടെ ആദ്യ പകുതിയിൽ തന്നെ അമേരിക്ക 3-0 എന്ന ശക്തമായ ലീഡ് സ്വന്തമാക്കി. തിരിച്ചടിക്കാൻ പാരാഗ്വ ശ്രമിച്ചെങ്കിലും പക്ഷെ അമേരിക്ക വിട്ടില്ല. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ പാരാഗ്വ പരമാവധി ശ്രമിച്ചു. 73-ാം മിനിറ്റിൽ ജൂലിയോ എൻസിസോ നൽകിയ പാസിൽ നിന്നും മൗറീഷ്യോ പാരാഗ്വയ്ക്കായി ഒരു ഗോൾ മടക്കി. ഇതോടെ സ്കോർ 3-1 ആയി ചുരുങ്ങി.എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (90+7' മിനിറ്റിൽ) അമേരിക്കൻ താരം ജിയോ റെയ്‌ന ഒരു അത്ഭുത ഗോളിലൂടെ പാരാഗ്വയുടെ പതനം  ദയനീയമാക്കി മാറ്റുകയും ചെയ്തു. പോസ്റ്റിൻ്റെ വലതുമൂലയിൽ നിന്നും റെയ്‌ന അടിച്ച പന്ത് വളഞ്ഞു പുളഞ്ഞ് ഗോൾവലയ്ക്കുള്ളിലേക്ക് കയറിയത് കാണികളെ ആവേശത്തിലാഴ്ത്തി. ഒരു ലോകകപ്പ് മത്സരത്തിൽ അമേരിക്കൻ പുരുഷ ടീം 4 ഗോളുകൾ നേടുന്നത് ഇതാദ്യമായാണ്. പാരാഗ്വയ്‌ക്കെതിരെയുള്ള ഈ വലിയ വിജയം അമേരിക്കയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യതകൾ വളരെ വർധിപ്പിച്ചിരിക്കുകയാണ്.