ഓസ്‌ട്രേലിയൻ ഓപ്പൺ : ഇന്ത്യക്ക് നിരാശ, സിന്ധു പുറത്ത്

സിഡ്‌നി :ഓസ്‌ട്രേലിയൻ ബാഡ്‌മിന്‍റണ്‍ ഓപ്പൺ 2026 ടൂർണമെന്‍റില്‍ ഇന്ത്യയുടെ സൂപ്പർ താരം പി.വി സിന്ധുവിന് നിരാശാജനകമായ തോൽവി. സിഡ്‌നിയില്‍ ഇന്ന് നടന്ന ആവേശകരമായ വനിതാ സിംഗിൾസ് സെമി ഫൈനലിൽ ലോക ചാമ്പ്യൻ അകാനെ യമാഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്. ഈ തോൽവിയോടെ ടൂർണമെന്‍റിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്കും തിരശ്ശീല വീണു.
സിന്ധുവിന്‍റെ ഈ സീസണിലെ ആദ്യ ഫൈനൽ സ്വപ്‌നം പൊലിഞ്ഞു
വനിതാ സിംഗിൾസ് റാങ്കിംഗിൽ പത്താം സ്ഥാനത്തുള്ള പി.വി സിന്ധു ലോക മൂന്നാം നമ്പർ താരമായ ജപ്പാന്‍റെ യമാഗുച്ചിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. 43 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 22-20, 21-12 എന്ന സ്കോറിനായിരുന്നു ജാപ്പനീസ് താരത്തിന്‍റെ വിജയം. ഈ സീസണിൽ തന്‍റെ ആദ്യ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടിറങ്ങിയ സിന്ധുവിന് സെമിയിൽ കാലിടറുകയായിരുന്നു. 2026-ലെ ബി.ഡബ്ല്യു.എഫ് വേൾഡ് ടൂറിലെ സിന്ധുവിന്‍റെ രണ്ടാമത്തെ സെമി ഫൈനൽ പ്രവേശനമായിരുന്നു ഇത്. ജനുവരിയിൽ നടന്ന മലേഷ്യ ഓപ്പൺ സൂപ്പർ 1000 സെമിയിലും സിന്ധു ചൈനയുടെ വാങ് സിയിയോട് തോറ്റിരുന്നു. 2024-ലെ സയ്യിദ് മോദി ടൂർണമെന്‍റിലാണ് സിന്ധു അവസാനമായി ഒരു ബി.ഡബ്ല്യു.എഫ് കിരീടം നേടിയത്.ടോക്കിയോ ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിൽ യമാഗുച്ചിയെ തോൽപ്പിച്ച ചരിത്രമുള്ള സിന്ധു മത്സരത്തിന്‍റെ ആദ്യ ഗെയിമിൽ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ പകുതിയിൽ നേരിയ ലീഡ് നിലനിർത്താനും സിന്ധുവിന് സാധിച്ചു. എന്നാൽ പിന്നീട് തുടർച്ചയായി ആറ് പോയിന്‍റുകള്‍ നേടി യമാഗുച്ചി ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടത്തിൽ സിന്ധു വീണ്ടും പോയിന്‍റ് നിലയിൽ മുന്നിലെത്തിയെങ്കിലും കനത്ത പോരാട്ടത്തിനൊടുവിൽ 22-20 ന് ആദ്യ ഗെയിം യമാഗുച്ചി സ്വന്തമാക്കി.രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം നിന്നെങ്കിലും പിന്നീട് തുടർച്ചയായി ഏഴ് പോയിന്‍റുകള്‍ നേടി യമാഗുച്ചി ലീഡ് ഉയർത്തി. തുടർന്ന് പൂർണ്ണ ആധിപത്യം പുലർത്തിയ ജാപ്പനീസ് താരം 21-12 ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ 29 മത്സരങ്ങളിൽ യമാഗുച്ചിയുടെ 14-ാം വിജയമാണിത്.