FIFA WORLD CUP 2026: അൾജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത്സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ

FIFA WORLD CUP 2026: അൾജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത്സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ

വാൻകൂവർ: ലോകകപ്പ് ഫുട്ബോളിൽ അൾജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. ആവേശകരമായ മത്സരത്തിൽ ബ്രീൽ എംബോളോ, ഡാൻ എൻഡോയ് എന്നിവരാണ് സ്വിറ്റ്സർലൻഡിനായി ഗോളുകൾ നേടിയത്. ചൊവ്വാഴ്ച വാൻകൂവറിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ വെള്ളിയാഴ്ച നടക്കുന്ന കൊളംബിയ - ഘാന മത്സരത്തിലെ വിജയികളെ സ്വിസ് പട നേരിടും. കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ശേഷം ലഭിച്ച ഒരാഴ്ചത്തെ ഇടവേള കൃത്യമായി വിനിയോഗിച്ചാണ് സ്വിസ് ടീം ഈ മത്സരത്തിന് ഇറങ്ങിയത്.


ആദ്യ പത്ത് മിനിറ്റിൽ അൾജീരിയ മികച്ച മുന്നേറ്റങ്ങൾ നടത്തി ആധിപത്യം പുലർത്തിയെങ്കിലും പത്താം മിനിറ്റിൽ സ്വിറ്റ്സർലൻഡ് അപ്രതീക്ഷിതമായി ലീഡ് എടുത്തു. വലതുവിങ്ങിലൂടെ അതിവേഗം പന്തുമായി മുന്നേറിയ ജോഹാൻ മൻസാംബിയുടെ കൃത്യമായ ക്രോസ്സ് ബോക്സിലേക്ക് കണക്ട് ചെയ്ത് ബ്രീൽ എംബോളോ ടീമിന്‍റെ ആദ്യ ഗോൾ നേടി. എംബോളോ തന്‍റെ 26-ാം അന്താരാഷ്ട്ര ഗോൾ മുട്ടുകുത്തി സ്ലൈഡ് ചെയ്താണ് ആഘോഷിച്ചത്.രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ സ്വിസ് പട ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന് പുറത്തുനിന്ന് ഡാൻ എൻഡോയ് തൊടുത്ത തകർപ്പൻ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാന് തടയാൻ കഴിഞ്ഞില്ല. 81-ാം മിനിറ്റിൽ ഫാബിയൻ റീഡറിലൂടെ സ്വിറ്റ്സർലൻഡിന് മൂന്നാം ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുന്നിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയും മത്സരം നേരിട്ട് കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ചരിത്രനേട്ടവും അൾജീരിയയുടെ മടക്കവും

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ എത്തിയിരുന്നെങ്കിലും 32 ടീമുകൾ ഉണ്ടായിരുന്ന ആ ടൂർണമെന്‍റുകളില്‍ അതിനപ്പുറം കടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 1938-ന് ശേഷം ആദ്യമായാണ് അവർ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം ജയിക്കുന്നത്. 1954-ൽ അവർ ക്വാർട്ടറിൽ എത്തിയത് പ്ലേ-ഓഫ് മത്സരം ജയിച്ചായിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയുമായി 3-3 സമനില വഴങ്ങി മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ എത്തിയ അൾജീരിയ ഇതോടെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ നായകൻ റിയാദ് മഹ്‌റെസ് നേടിയ ഇരട്ട ഗോളുകളാണ് ഇറാനെ പുറത്താക്കി അൾജീരിയയെ നോക്കൗട്ടിൽ എത്തിച്ചത്. എന്നാൽ 2014-ന് ശേഷം ആദ്യമായി ലോകകപ്പിലേക്ക് തിരിച്ചെത്തിയ അൾജീരിയയ്ക്ക് പ്രീ-ക്വാർട്ടറിനപ്പുറം കടക്കാനായില്ല.