FIFA WORLD CUP 2026 : റൊണാൾഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത് സ്പെയിൻ

ഡാലസ്: ലോക ഫുട്ബോളിലെ ഒരു സുവർണ്ണ അധ്യായത്തിന് അമേരിക്കൻ മണ്ണിൽ വികാരനിർഭരമായ അന്ത്യം. ഡാലസിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിനിർത്തി നടന്ന ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ കടന്നു. കളിയിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ സ്പെയിൻ തൊടുത്ത മാരക പ്രഹരത്തിന് മുന്നിൽ പോർച്ചുഗലിന് മറുപടിയുണ്ടായിരുന്നില്ല. ഈ അപ്രതീക്ഷിത തോൽവിയോടെ, കരിയറിലെ തന്‍റെ ആറാമത്തെ ലോകകപ്പ് കളിക്കാനിറങ്ങിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വകപ്പ് സ്വപ്‌നങ്ങളാണ് കണ്ണീരോടെ അവസാനിച്ചത്. മത്സരത്തിന്‍റെ 91-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ മിക്കൽ മെറിനോയാണ് സ്പെയിനിന്‍റെ വിജയഗോൾ നേടിയത്.

ആദ്യ മിനിറ്റ് മുതൽ തന്നെ ഇരു ടീമുകളും ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്. യുവതാരം ലമീൻ യമാൽ പോർച്ചുഗൽ താരം ജാവോ നെവെസിനെ ഫൗൾ ചെയ്‌തതോടെ മത്സരത്തിന്‍റെ ചൂട് തുടക്കത്തിലേ കൂടി. ഇത് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെ പ്രകോപിപ്പിച്ചു. നാലാം മിനിറ്റിൽ തന്നെ സ്പെയിന് മികച്ചൊരു അവസരം ലഭിച്ചു. മിക്കൽ ഒയാർസബാൽ തൊടുത്ത ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി. മറുവശത്ത് ജാവോ കാൻസെലോ ദൂരെ നിന്ന് പോർച്ചുഗലിനായി ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.



സ്പാനിഷ് നിര തങ്ങളുടെ തനത് പാസിംഗ് ഗെയിമിലൂടെ പോർച്ചുഗൽ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.11-ാം മിനിറ്റിൽ പോർച്ചുഗൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ബ്രൂണോ ഫെർണാണ്ടസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ഡിഫെൻഡർ ഐമെറിക് ലപോർട്ടെയെ വെട്ടിച്ച് ഒന്നിന് പുറകെ ഒന്നായി സ്റ്റെപ്പ് ഓവർ ചുവടുകളോടെ ഒരു തകർപ്പൻ ഷോട്ട് ഉതിർത്തു. എന്നാൽ സ്പാനിഷ് കീപ്പർ ഉനായ് സിമോൺ അസാമാന്യ മെയ്‌വഴക്കത്തോടെ അത് തട്ടിയകറ്റി. 16-ാം മിനിറ്റിൽ യമാലിന്‍റെ ഇടംകാലൻ മുന്നേറ്റവും അലക്‌സ് ബീനയുടെ റീബൗണ്ട് ശ്രമവും പോർച്ചുഗൽ പ്രതിരോധം കഷ്ടിച്ചാണ് ഒഴിവാക്കിയത്.

മത്സരം കനത്തതോടെ ഇരു ടീമുകൾക്കും കളി നിയന്ത്രിക്കാൻ കഠിനമായി ശ്രമിക്കേണ്ടി വന്നു. റൊണാൾഡോ തന്‍റെ പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ഗോൾ നേടാൻ ശ്രമിച്ചു. പെഡ്രോ നെറ്റോ നൽകിയ ക്രോസിൽ നിന്നും ജാവോ ഫെലിക്‌സ് നൽകിയ ഹെഡ്ഡർ റൊണാൾഡോയിലേക്ക് എത്തിയെങ്കിലും സിമോൺ വീണ്ടും സ്പെയിനിന്‍റെ രക്ഷകനായി.

പിന്നാലെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ നൂനോ മെൻഡിസ് ബോക്സിന്‍റെ അരികിൽ നിന്ന് എടുത്ത ഷോട്ട് സ്പാനിഷ് താരം പെഡ്രോ പോറോയുടെ ശരീരത്തിൽ തട്ടി പോർച്ചുഗലിന് നിർഭാഗ്യമായി ക്രോസ് ബാറിലിടിച്ച് തെറിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൊണാൾഡോയും യമാലും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. ആദ്യപകുതി പിരിയുമ്പോൾ 55 ശതമാനം പന്തടക്കത്തോടെ സ്പെയിൻ നേരിയ മേധാവിത്വം പുലർത്തിയിരുന്നു.

രണ്ടാം പകുതിയിലും പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനി ഓൽമോ റൊണാൾഡോയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് ഫ്രീ കിക്ക് ലഭിച്ചു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കിക്ക് നേരെ ഗോളി ഉനായ് സിമോണിന്‍റെ കൈകളിലേക്കാണ് എത്തിയത്. 59-ാം മിനിറ്റിൽ സിആർ7-ന് വീണ്ടുമൊരു സുവർണ്ണാവസരം ലഭിച്ചു. ഫെലിക്സ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് റൊണാൾഡോ വോളിയിലൂടെ വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കണക്ഷൻ കൃത്യമാകാത്തതിനാൽ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ബ്രൂണോ ഫെർണാണ്ടസിന് ലഭിച്ച അവസരം അദ്ദേഹം സൈഡ് നെറ്റിലേക്ക് അടിച്ച് കളഞ്ഞു.


 റൊണാൾഡോയുടെ 'നെഞ്ച് തകർത്ത' മെറിനോയുടെ മാന്ത്രിക ഗോൾ

മത്സരം നിശ്ചിത സമയവും കഴിഞ്ഞ് എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് സ്പാനിഷ് കോച്ചിന്‍റെ തന്ത്രങ്ങൾ ഫലം കണ്ടത്. ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ (91-ാം മിനിറ്റ്) സ്പെയിൻ പോർച്ചുഗലിന്‍റെ ലോകകപ്പ് സ്വപ്നങ്ങളുടെ മേൽ മരണമണി മുഴക്കി. സ്പെയിന്‍റെ ഒരു ഫ്രീ കിക്ക് ശ്രമം പരാജയപ്പെട്ടെങ്കിലും ഫാബിയൻ റൂയിസ് പന്ത് കണ്ടെത്തി പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന് നൽകി. ടോറസ് ബോക്സിനുള്ളിലേക്ക് നൽകിയ കൃത്യമായ പാസ് മറ്റൊരു പകരക്കാരനായ മിക്കൽ മെറിനോ അതീവ കൃത്യതയോടെ പോർച്ചുഗൽ ഗോളിക്ക് ഒരു അവസരവും നൽകാതെ വലയുടെ താഴത്തെ കോണിലേക്ക് അടിച്ചുകയറ്റി (1-0). ഡാലസിലെ ഗാലറിയെ നിശബ്ദമാക്കിക്കൊണ്ട് സ്പെയിൻ വിജയമുറപ്പിച്ചു.അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ബെർണാഡോ സിൽവയ്ക്ക് വലിയൊരു അവസരം ലഭിച്ചെങ്കിലും അത് പാഴായി. തൊട്ടുപിന്നാലെ പോർച്ചുഗലിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കും പോസ്റ്റിന് മൈലുകൾ അകലെയുകൂടി പറന്നതോടെ പോർച്ചുഗലിന്‍റെ വിധി കുറിക്കപ്പെട്ടു.

റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്പാനിഷ് ക്യാമ്പ് ക്വാർട്ടർ പ്രവേശനത്തിന്‍റെ ആഹ്ലാദത്തിലാറാടി. എന്നാൽ, ക്യാമറക്കണ്ണുകൾ മുഴുവൻ ആറാം ലോകകപ്പ് പോരാട്ടത്തിനൊടുവിൽ തലകുനിച്ച്, നിറഞ്ഞ കണ്ണുകളോടെ മൈതാനം വിടുന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയിലായിരുന്നു. അങ്ങനെ ഒരു യുഗത്തിന്‍റെ ലോകകപ്പ് കരിയറിന് ഡാലസിൽ വികാരനിർഭരമായ അന്ത്യമായി.