2026 ഫിഫ ലോകകപ്പ് ഫൈനൽ: അർജൻ്റീനക്ക് നെതന്യാഹുവിൻ്റെ പിന്തുണ; കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ വൈറൽ

ജറുസലേം: 2026 ഫിഫ ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെ അർജൻ്റീനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലെ അർജൻ്റീനയുടെ അംബാസഡർ റാബി ഷിമോൺ ആക്‌സൽ വഹ്നിഷുമായി നെതന്യാഹു കൂടിക്കാഴ്‌ച നടത്തുകയും ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്ന അർജൻ്റീന ടീമിന് വിജയാശംസകൾ നേരുകയും ചെയ്‌തു. നെതന്യാഹുവിൻ്റെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
അർജൻ്റീന പ്രസിഡൻ്റ് ജാവിയർ മിലെയ് നെതന്യാഹുവുമായുള്ള തൻ്റെ മികച്ച ബന്ധത്തെക്കുറിച്ച് പറയുന്ന ഓഡിയോ സന്ദേശം വഹ്നിഷ് നെതന്യാഹുവിനെ കേൾപ്പിച്ചു. "നീ എൻ്റെ സുഹൃത്താണ്, എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുന്നു. ഞാൻ കാരണമാണ് നീ അർജൻ്റീനയ്ക്ക് വേണ്ടി നിലകൊള്ളുന്നതെന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി" എന്നാണ് ജാവിയർ മിലെയ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
"ജാവിയർ, നീ ഒരു സുഹൃത്താണ്. ഒരു യഥാർഥ സുഹൃത്ത്. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു... ആശംസകൾ. ഞാൻ അർജൻ്റീനയുടെ ആരാധകനാണെന്ന് മറച്ചുവെക്കുന്നില്ല. മിക്ക ഇസ്രയേലി പൗരന്മാരും അർജൻ്റീനയെ പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നു. കാരണം, അർജൻ്റീനയും ഇസ്രയേലുമായുള്ള ബന്ധത്തിൽ പ്രസിഡൻ്റ് മിലെയ് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഞങ്ങൾക്ക് ഇതിലും വലുതോ മികച്ചതോ ആയ സുഹൃത്തുക്കളില്ല. അതുകൊണ്ടാണ് ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നത്. വാമോസ് അർജൻ്റീന!" എന്ന് നെതന്യാഹു പറഞ്ഞു.
അർജൻ്റീനയുടെ നീലയും വെള്ളയും ഫുട്ബോൾ ജേഴ്‌സി അർജൻ്റീനയുടെ അംബാസഡർ നെതന്യാഹുവിന് സമ്മാനിച്ചു. ഇസ്രയേലും അർജൻ്റീനയും തമ്മിലുള്ള ശക്തമായ ഉഭയ കക്ഷി ബന്ധത്തിൻ്റെ ഉദാഹരണമാണിത്. 2023ൽ അധികാരമേറ്റത് മുതൽ അർജൻ്റീന പ്രസിഡൻ്റ് മിലെയ് ഇസ്രയേലിന് ശക്തമായ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്. യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇസ്രയേൽ നടപടികളെ പിന്തുണച്ചുകൊണ്ട് അദ്ദേഹം നിരവധി തവണ സംസാരിച്ചിട്ടുണ്ട്.
അധികാരമേറ്റ ശേഷം മൂന്ന് തവണ മിലെയ് ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഏറ്റവും ഒുവിൽ 2026ൽ ഇസ്രയേലിൽ നടത്തിയ ഔദ്യാഗിക സന്ദർശനത്തിൽ പ്രധാനമന്ത്രി നെതന്യാഹുവുമായും പ്രസിഡൻ്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന നാളെ സ്‌പെയിനിനെ നേരിടും. രാത്രി 12:30നാണ് ഫുട്‌ബോൾ മത്സരം. ലോക ജനത ഒന്നാകെ കാൽപ്പന്ത് ആവേശത്തിലാണ്.