62 വർഷത്തിന് ശേഷം ഓസീസ് ടീമിൽ ആദ്യമായൊരു ഇന്ത്യൻ വംശജൻ

ധാക്ക: ബംഗ്ലാദേശുമായുള്ള വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഡൽഹിയിൽ യിൽ ജനിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സ്പിൻ ഓൾറൗണ്ടർ നിഖിൽ ചൗധരിയെ ഉൾപ്പെടുത്തി . ട്രാവിസ് ഹെഡ് വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് മുപ്പതുകാരനായ നിഖിലിനെ ടീമിലേക്ക് വിളിച്ചത്. പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ, 1964-ൽ റെക്സ് സെല്ലേഴ്‌സിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി നിഖിൽ ചൗധരി മാറും. പഞ്ചാബ് സംസ്ഥാന ടീമിന് വേണ്ടി ഹർഭജൻ സിംഗ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള നിഖിൽ, ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു. കൂടാതെ മുംബൈ ഇന്ത്യൻസിനൊപ്പവും ട്രയൽസിൽ പങ്കെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ഓസ്‌ട്രേലിയയിൽ കുടുങ്ങിയതോടെയാണ് നിഖിൽ തന്റെ ക്രിക്കറ്റ് ഭാവി ഓസ്‌ട്രേലിയയിൽ കെട്ടിപ്പടുക്കാൻ തീരുമാനിച്ചത്. നിലവിൽ ബെൽജിയത്തിലെ ഇയുടി20 ലീഗിൽ ജെബി ബ്രൂജസിനായി കളിച്ചുവരികയാണ് താരം.നിഖിലിന്റെ ടീമിലേക്കുള്ള വരവിനെ ഓസ്‌ട്രേലിയൻ സെലക്ടർ ടോണി ഡോഡെമെയ്ഡ് സ്വാഗതം ചെയ്തു. നിഖിലിന്റെ ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനവും ഐപിഎല്ലിലെ അനുഭവസമ്പത്തും ടീമിന് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 17-ന് ചട്ടോഗ്രാമിലാണ് ബംഗ്ലാദേശുമായുള്ള പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കുന്നത്. മിന്നുന്ന ഫോമിലുള്ള നിഖിലിന് ഓസ്‌ട്രേലിയൻ മധ്യനിരയിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണ്ണാവസരമാണ് ഈ പരമ്പരയിലൂടെ ലഭിച്ചിരിക്കുന്നത്.