ലോകകപ്പ് ഫുട്ബോൾ പൂരം കൊടിയേറാൻ ഇനി മണിക്കൂറുകൾ ബാക്കി

മെക്‌സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന്‍റെ 23-ാം പതിപ്പിന് ഇന്ന്ഏതാനുംഎതാനും മണിക്കൂറുകൾക്കകം മെക്‌സിക്കോയില്‍ തുടക്കമാകും. വ്യാപ്‌തിയിലും പങ്കാളിത്തത്തിലും ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഇത്തവണത്തെ ടൂർണമെന്‍റ് അരങ്ങേറുന്നത്. വിഖ്യാതമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ ആരാധകർക്ക് ജൂൺ 12ന് പുലർച്ചെ 12:30-നാണ് ഉദ്ഘാടന പോരാട്ടം തത്സമയം കാണാൻ സാധിക്കുക.
കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളോടെയാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. 1998 മുതൽ തുടർന്നുപോന്ന 32 ടീമുകളുടെ ഫോർമാറ്റ് മാറ്റി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി റെക്കോർഡ് ഭേദിക്കുന്ന 104 മത്സരങ്ങൾ നടക്കും. ആതിഥേയരായ മൂന്ന് രാജ്യങ്ങൾ നേരിട്ട് യോഗ്യത നേടിയപ്പോൾ ബാക്കി 45 ടീമുകൾ രണ്ട് വർഷം നീണ്ട കടുത്ത യോഗ്യതാ പോരാട്ടങ്ങൾക്കൊടുവിലാണ് ലോകവേദിയിലെത്തിയത്.
പുതിയ ഫോർമാറ്റ് :
ഗ്രൂപ്പ് ഘട്ടം: 48 ടീമുകളെ 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
നോക്കൗട്ട് യോഗ്യത: ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് (Round of 32) യോഗ്യത നേടും. മുൻപ് ഇല്ലാതിരുന്ന മുപ്പത്തിരണ്ട് ടീമുകളുടെ ഈ നോക്കൗട്ട് ഘട്ടം ഇത്തവണത്തെ പ്രത്യേകതയാണ്.
മത്സര ക്രമം: ആകെ 104 മത്സരങ്ങളിൽ 72 എണ്ണം ഗ്രൂപ്പ് ഘട്ടത്തിലും 32 എണ്ണം നോക്കൗട്ട് റൗണ്ടിലുമാണ്. ജൂൺ 28-നാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഫൈനൽ: ജൂലൈ 19-ന് ന്യൂയോർക്കിനടുത്തുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
കളിക്കാർക്ക് കനത്ത വെല്ലുവിളി
ടൂർണമെന്‍റില്‍ പങ്കെടുക്കുന്ന 1,248 ഫുട്ബോൾ താരങ്ങൾക്ക് കനത്ത ശാരീരിക വെല്ലുവിളിയാകും ഈ ലോകകപ്പ്. ഹൂസ്റ്റൺ പോലുള്ള നഗരങ്ങളിലെ കടുത്ത വേനൽച്ചൂടും ഗ്വാഡലഹാരയിലെ ഉയർന്ന ഭൂപ്രകൃതിയും നാല് വ്യത്യസ്‌ത സമയ മേഖലകളും താണ്ടി വേണം ടീമുകൾക്ക് കളിക്കാൻ.വടക്കേ അമേരിക്കൻ സമയക്രമം അനുസരിച്ച് മത്സരങ്ങൾ നടക്കുന്നത് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ്. അതിനാൽ ഇന്ത്യൻ ആരാധകർക്ക് അർധരാത്രിയിലും പുലർച്ചെയുമാകും മത്സരങ്ങൾ തത്സമയം കാണാൻ കഴിയുക. ഉദ്ഘാടന മത്സരം തന്നെ ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആസ്ടെക്ക സ്റ്റേഡിയത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുമ്പോൾ അത് ചരിത്രത്തിന്‍റെ ആവർത്തനമാകും. 2010 ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിലും ഇരുടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് മത്സരം 1-1 സമനിലയിൽ കലാശിക്കുകയായിരുന്നു. ഇത്തവണ കളി ആര് പിടിക്കുമെന്ന് പ്രവചനാതീതമാണ്.
ഉദ്ഘാടന മത്സരത്തിന് തൊട്ടുമുൻപ് 90 മിനിറ്റ് നീളുന്ന വിസ്‌മയ കലാവിരുന്ന്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫിഫ ലോകകപ്പിന് ഇന്ന് മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കമാകും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മെഗാ ടൂർണമെന്‍റിന്‍റെ ആദ്യ ഉദ്ഘാടന ചടങ്ങാണ് ഇന്ന് നടക്കുന്നത്. സഹ-ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തൊട്ടുമുൻപാണ് 90 മിനിറ്റ് നീളുന്ന വിസ്‌മയ കലാവിരുന്ന് അരങ്ങേറുന്നത്. ഫുട്ബോൾ ചരിത്രത്തിൽ മൂന്ന് വ്യത്യസ്‌ത ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ലോകത്തിലെ ഏക സ്റ്റേഡിയം എന്ന സുവർണ്ണ ബഹുമതി ഇതോടെ എസ്റ്റാഡിയോ ആസ്ടെക്കയ്ക്ക് സ്വന്തമാകും. ലോകകപ്പിന്‍റെ ആവേശത്തിലേക്ക് കാണികളെ നയിക്കാൻ ആഗോള സംഗീത പ്രതിഭകളുടെ വലിയൊരു നിര തന്നെയാണ് ഇവിടെ അണിനിരക്കുന്നത്.

ബർണാബോയ്‌ക്കൊപ്പം ചേർന്ന് ഷക്കീറ
ആഗോള പോപ്പ് ഐക്കൺ ഷക്കീറ വീണ്ടും ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഉദ്‌ഘാടന ചടങ്ങിന്‍റെ ഏറ്റവും വലിയ ആകർഷണം. ഗ്രാമി അവാർഡ് ജേതാവായ നൈജീരിയൻ അഫ്രോബീറ്റ്സ് താരം ബർണാബോയ്‌ക്കൊപ്പം ചേർന്ന് ഷക്കീറ ഈ വർഷത്തെ ഔദ്യോഗിക ഫിഫ ലോകകപ്പ് ഗാനമായ 'ദായ് ദായ്' (Dai Dai) വേദിയിൽ തത്സമയം ആലപിക്കും. കേവലം ഒരു വിനോദ പരിപാടി എന്നതിലുപരി വലിയൊരു ജീവകാരുണ്യ ലക്ഷ്യവും ഈ ഗാനത്തിന് പിന്നിലുണ്ട്.'ദായ് ദായ്' എന്ന ഗാനത്തിലൂടെ ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിലേക്ക് 100 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. ഹോളിവുഡ് സൂപ്പർ താരം സാൽമ ഹായെക് പിനോൾട്ട് ഫിഫ ലോകകപ്പ് അംബാസഡറായി പ്രത്യേക അതിഥിയായി ചടങ്ങിൽ പ്രത്യക്ഷപ്പെടും. മത്സരത്തിന് മുന്നോടിയായി അലക്സാൻഡ്രോ ഫെർണാണ്ടസ് മെക്‌സിക്കന്‍ ദേശീയ ഗാനവും, ആഫ്രിക്കൻ താരം ടൈല ദക്ഷിണാഫ്രിക്കൻ ദേശീയ ഗാനവും ആലപിക്കും. ഇവരെ കൂടാതെ കൊളംബിയൻ റെഗ്ഗെട്ടൺ താരം ജെ ബാൽവിൻ, റയാൻ കാസ്ട്രോ, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ്, പ്രശസ്‌ത റോക്ക് ബാൻഡ് മന, ലോസ് ഏഞ്ചൽസ് അസുലെസ് എന്നിവരും ഉദ്ഘാടന വേദിയിൽ ലാറ്റിൻ അമേരിക്കൻ സംഗീതത്തിന്‍റെ മാസ്മരികത തീർക്കും.
കാനഡയെ ഇളക്കിമറിക്കാൻ അലാനിസ് മോറിസെറ്റും മൈക്കൽ ബൂബ്ലെയും
ഇത്തവണ മൂന്ന് രാജ്യങ്ങൾ ചേർന്ന് സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്നതിനാൽ ചരിത്രത്തിലാദ്യമായി ഓരോ ആതിഥേയ രാജ്യത്തിലും പ്രത്യേക ഉദ്ഘാടന ചടങ്ങുകൾ ഫിഫ സംഘടിപ്പിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി ജൂൺ 12-ന് കാനഡയിലെ ടൊറന്‍റോയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി വൻ സംഗീത പരിപാടി നടക്കും.
കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിലുള്ള പോരാട്ടത്തിന് മുൻപ് ഗായകരായ അലാനിസ് മോറിസെറ്റും മൈക്കൽ ബൂബ്ലെയും ചേർന്ന് കാണികളെ ഇളക്കിമറിക്കും. അതേ ദിവസം തന്നെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സമാനമായ രീതിയിൽ വമ്പൻ ഉദ്ഘാടന ഷോ അരങ്ങേറും. യു.എസ് - പരാഗ്വേ മത്സരത്തിന് തൊട്ടുമുൻപ് നടക്കുന്ന ഈ ചടങ്ങിൽ ആഗോള പോപ്പ് താരം കേറ്റി പെറി, വിഖ്യാത കെ-പോപ്പ് താരം ലിസ (LISA), നൈജീരിയൻ താരം റെമ, ബ്രസീലിയൻ പോപ്പ് ആർട്ടിസ്റ്റ് അനിറ്റ, പ്രമുഖ ഹിപ്-ഹോപ്പ് താരം ഫ്യൂച്ചർ എന്നിവർ അണിനിരക്കും.
ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ആരംഭിക്കും. ഫുട്ബോൾ പ്രേമികൾക്കായി വിപുലമായ തത്സമയ സംപ്രേഷണ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടെലിവിഷനിൽ UNITE8 Sports, DD Sports എന്നീ ചാനലുകളിലൂടെ ചടങ്ങുകളും ഉദ്ഘാടന മത്സരവും തത്സമയം കാണാൻ സാധിക്കും. ടിവി ലഭ്യമല്ലാത്ത ആരാധകർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ Zee5 ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ചടങ്ങുകളുടെ തത്സമയ ലൈവ് സ്ട്രീമിംഗ് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.