ഇൽഫാത്ത് കളി നിയന്ത്രിച്ചാൽ ജയം മെസ്സിക്ക്! കളിക്ക് മുൻപ് റഫറി വിവാദം

അറ്റ്‌ലാന്‍റ: സെമിഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ റഫറി നിയമനത്തെച്ചൊല്ലി പുതിയ വിവാദം. മെർസിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ വമ്പൻ പോരാട്ടം നിയന്ത്രിക്കാൻ മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്‌മയിൽ ഇൽഫാത്തിനെയാണ് ഫിഫ നിയോഗിച്ചിരിക്കുന്നത്.ലയണൽ മെസ്സി കളിച്ച മത്സരങ്ങളിൽ ഇൽഫാത്ത് റഫറിയായപ്പോഴെല്ലാം മെസ്സിയുടെ ടീം ജയിച്ചിട്ടുണ്ടെന്ന അപൂർവ്വ റെക്കോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷ് ആരാധകരുടെ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുന്നത്.മെസ്സി നായകനായ ടീമുകൾ കളിച്ച അഞ്ച് മത്സരങ്ങളിൽ ഇൽഫാത്ത് പ്രധാന റഫറിയായോ മറ്റ് ഒഫീഷ്യൽ ചുമതലകളിലോ ഉണ്ടായിട്ടുണ്ട്. ഈ അഞ്ച് മത്സരങ്ങളിലും മെസ്സിയുടെ ടീം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്. ഇന്‍റര്‍ മയാമി തങ്ങളുടെ ആദ്യ കിരീടം നേടിയ 2023-ലെ ലീഗ്‌സ് കപ്പ് ഫൈനലിൽ റഫറിയായിരുന്നത് ഇൽഫാത്ത് ആയിരുന്നു.

ഇതിനുപുറമേ, 2022-ൽ ഖത്തറിൽ അർജന്‍റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകിരീടം ചൂടിയ ഫൈനൽ മത്സരത്തിലെ ഫോർത്ത് ഒഫീഷ്യലും ഇദ്ദേഹമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് ആരാധകർ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഈ മത്സരഫലങ്ങളിലൊന്നും റഫറിയുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് കായിക നിരീക്ഷകർ വിലയിരുത്തുന്നു.മൊറോക്കോയിലെ കാസബ്ലാങ്കയിൽ ജനിച്ച 44-കാരനായ ഇൽഫാത്ത് 2001-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് ഐടി സെയിൽസ് മേഖലയിൽ ജോലി നോക്കിയിരുന്നു. അമച്വർ ലീഗുകളിൽ സ്ട്രൈക്കറായി കളിച്ചിരുന്ന സമയത്ത് റഫറിയിംഗിലെ പോരായ്‌മകളെക്കുറിച്ച് എപ്പോഴും പരാതി പറയുമായിരുന്നു. ഇതേത്തുടർന്ന് ലീഗ് സംഘാടകർ "നീ എപ്പോഴും പരാതി പറയുകയാണല്ലോ, എന്തുകൊണ്ട് നിനക്ക് തന്നെ റഫറിയായിക്കൂടാ?" എന്ന് വെല്ലുവിളിച്ചതോടെയാണ് ഇൽഫാത്ത് വിസിൽ കൈയ്യിലെടുത്തത്.
മൂന്നാം ലോകകപ്പ് മത്സരം
2016-ൽ ഫിഫ ബാഡ്‌ജ് ലഭിച്ച ഇൽഫാത്ത് 2020, 2022 വർഷങ്ങളിൽ മേജർ ലീഗ് സോക്കറിലെ (MLS) മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ഓൺ-ഫീൽഡ് വാർ (VAR) പരിശോധന നടത്തിയ റഫറി എന്ന റെക്കോർഡും ഇദ്ദേഹത്തിനാണ്. നടപ്പു ലോകകപ്പിൽ ജപ്പാൻ–നെതർലൻഡ്‌സ്, സ്പെയിൻ–ഉറുഗ്വേ ഗ്രൂപ്പ് മത്സരങ്ങളും, നോക്കൗട്ടിൽ ബ്രസീലിനെ നോർവേ അട്ടിമറിച്ച മത്സരവും നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. അമേരിക്കക്കാരായ കോറി പാർക്കർ, കൈൽ അറ്റ്കിൻസ് എന്നിവരാണ് സെമിയിൽ ഇൽഫാത്തിന്‍റെ അസിസ്റ്റന്‍റ് റഫറിമാർ.