വീട്ടിലിരുന്ന് വോട്ട്; കേരളത്തിൽ ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ

വീട്ടിലിരുന്ന് വോട്ട്; കേരളത്തിൽ ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്.

85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിലാണ് വോട്ട് ചെയ്യുന്നത്.ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി മുൻകൂട്ടി തപാല് ബാലറ്റ് അപേക്ഷ വാങ്ങിയവരിൽ നിന്നു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അം​ഗീകരിച്ചവർക്കാണ് വോട്ടിനുള്ള അവസരം. പോളിങ് ഉദ്യോ​ഗസ്ഥരുടെ സംഘം വീടുകളിലെത്തി വോട്ടറെ കണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി മടങ്ങും.

കണ്ണൂരിൽ ആദ്യദിനം  2368പേർ വോട്ടുചെയ്‌തു 

വീട്ടിലെ വോട്ട് (Home Voting) പദ്ധതിക്ക്  കണ്ണൂരിൽ മികച്ച പ്രതികരണം. ആദ്യ ദിനമായ മാർച്ച് 30-ന് ജില്ലയിലാകെ 2368 പേർ തങ്ങളുടെ സമ്മതിദാന അവകാശം വീട്ടിൽ വെച്ച് വിനിയോഗിച്ചു. വായോധികരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ വിപുലമായ സൗകര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.

ആദ്യ ദിനം വോട്ട് ചെയ്തവരിൽ 1680 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 688 പേരും ആദ്യ ദിനം വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ആകെ 19,276 പേരാണ് ഹോം വോട്ടിംഗിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും നിശ്ചിത ഷെഡ്യൂൾ പ്രകാരം ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്ന നടപടികൾ തുടരും.

മണ്ഡലം തിരിച്ചുള്ള കണക്കുകൾ ഒറ്റനോട്ടത്തിൽ:

ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്താണ്‌ .

മണ്ഡലം തിരിച്ചുള്ള  വോട്ടുചെയ്തവരുടെ കണക്ക് താഴെ നൽകുന്നു:

| ധർമ്മടം | 259 |

| പേരാവൂർ | 249 |

| കല്യാശ്ശേരി | 239 |

| ഇരിക്കൂർ | 236 |

| തലശ്ശേരി | 234 |

| പയ്യന്നൂർ | 233 |

| തളിപ്പറമ്പ് | 230 |

| മട്ടന്നൂർ | 226 |

| കണ്ണൂർ | 205 |

| അഴീക്കോട് | 163 |

| കൂത്തുപറമ്പ് | 94 |