കേരളത്തിൽ 14 ജില്ലകളിൽ നവീന ചാർജിങ് പോയൻ്റുകൾ; QR കോഡ് വഴി പണം അടയ്ക്കാം

കോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിൽ വൈദ്യുത വാഹന ചാർജിങ് പോയൻ്റുകൾ നൂതന മാതൃകയിൽ സജ്ജമാക്കുന്നു. വിശ്രമത്തിനും വിനോദത്തിനും അവസരമൊരുക്കുന്ന 63 ഇവി 'റിഫ്രഷ് ആൻഡ് റീചാർജ്' കേന്ദ്രങ്ങളാണ് സജ്ജമാവുന്നത്. പ്രാഥമിക നടപടികളെല്ലാം പൂർത്തിയായെന്നും ഒക്ടോബർ 24ന് പാലക്കാട് ചേരുന്ന യോഗത്തിൽ പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാകുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഗതാഗത തിരക്ക് കൂടിയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പൊതുമേഖല സ്ഥാപനങ്ങളിലാണ് കേന്ദ്രം സജ്ജമാക്കുക. അതാത് പ്രദേശത്തെ ജനപ്രതിനിധികൾ തന്നെ സ്ഥലങ്ങൾ നിർദേശം ചെയ്യുന്നത് ഉചിതമാകുമെന്നും മന്ത്രി പറഞ്ഞു. കാർബൺ മാലിന്യം വർധിച്ചുവരുന്ന കാലത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേന്ദ്രസർക്കാരിൻ്റെ കൂടി സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. തിരുവനന്തപുരം 5, കൊല്ലം 5, പത്തനംതിട്ട 3, ആലപ്പുഴ 1, കോട്ടയം 3, ഇടുക്കി 3, എറണാകുളം 10, തൃശൂർ 11, പാലക്കാട് 5, മലപ്പുറം 3, കോഴിക്കോട് 8, വയനാട് 2, കണ്ണൂർ 3, കാസർകോട് 1 ഈ ക്രമത്തിലാണ് 'റിഫ്രഷ് ആൻഡ് റീചാർജ്' കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
ഒരേസമയം നാല് വാഹനങ്ങൾ ചാർജുചെയ്യാം. അതിവേഗ ചാർജിങ് സാധ്യമാകുന്ന കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപരേഖയാണ് പരിഗണിക്കുന്നത്. ചാർജിങ് സെൻ്ററുകളിൽ പ്രീപെയ്ഡ് രീതിക്ക് പകരം ക്യുആർ കോഡ് വഴി പണം അടയ്ക്കാവുന്ന ആപ്‌ലെസ് സംവിധാനമുണ്ടാകും. വാഹനങ്ങളുടെ ഡാഷ്‌ബോർഡ് സ്ക്രീനുകളിൽ, ഗൂഗിൾ മാപ്പും മാപ്പ് മൈ ഇന്ത്യയുമടക്കം മാപ്പ് പ്ലാറ്റ്‌ഫോമുകളിലൂടെ ചാർജിങ് സ്റ്റേഷനുകളെ അടയാളപ്പെടുത്തും. ശുചിമുറി, വിശ്രമമുറി, കഫ്റ്റീരിയ എന്നിവയാണ് അനുബന്ധ സൗകര്യങ്ങൾ. വൈദ്യുത വാഹനങ്ങൾക്ക് (ഇവി) പ്രിയമേറുന്നുവെന്ന കെഎസ്ഇബി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.