25 കോടിയുടെ ഷെയർ ട്രേഡിങ്‌ തട്ടിപ്പ് :മൂന്ന് പ്രതികളെ പിടികൂടി സൈബർ പൊലീസ്

 25 കോടിയുടെ ഷെയർ ട്രേഡിങ്‌ തട്ടിപ്പ് :മൂന്ന് പ്രതികളെ  പിടികൂടി സൈബർ പൊലീസ്

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പു കേസിലെ മൂന്ന് പ്രതികളെ കൂടി പിടികൂടി സൈബർ പൊലീസ്. 25 കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്‌ തട്ടിപ്പ് കേസിലെലെ മൂന്ന് മുഖ്യ പ്രതികളെയാണ് കൊച്ചി സൈബർ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്‌തത്.ക്യാപ്പിറ്റലക്‌സ് എന്ന വ്യാജ വെബ്സൈറ്റ് വഴി ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്‌താണ് ഇവർ കോടികൾ തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായതെന്ന് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അറിയിച്ചു.

www.capitalix.com എന്ന വെബ് സൈറ്റ് വഴി ട്രേഡിങ്‌ നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരനിൽ നിന്ന് 90 തവണകളായി 25 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. 2023 മാർച്ച് 15 മുതൽ 2025 ഓഗസ്റ്റ് 29 വരെയാണ് പരാതിക്കാരനിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയത്.വിവിധ ബാങ്കുകളിലായുള്ള 15 അക്കൗണ്ടുകളിലേക്ക് പ്രതികൾ പറഞ്ഞ പ്രകാരം പരാതിക്കാരൻ പണം അയച്ചു. ഫോൺ കോളുകളും, ടെലിഗ്രാം ചാറ്റും വെബ്സൈറ്റ് ആപ്ലിക്കേഷനുകളും വഴിയാണ് തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് പരസ്യം വഴിയായിരുന്നു പരാതിക്കാരനെ പ്രതികൾ പരിചയപ്പെട്ടത്.നിരവധി പേരിൽ നിന്നും കമ്മീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തിയ പ്രതികൾ ഈ അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരനോട് പണം അയക്കാൻ ആവശ്യപ്പെട്ടത്. ഇതിനായി 40 ബാങ്ക് അക്കൗണ്ടുകൾ, 250 സിം കാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ, തുടങ്ങിയവ കുറ്റകൃത്യത്തിനായി ഉപയോഗിച്ചു.

ഇവയെല്ലാം പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോഴിക്കോടുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ക്യാപ്പിറ്റലക്‌സ് എന്ന കമ്പനിയുടെ പേരിൽ വ്യാജ ഷെയർ ട്രേഡിങ്ങിലൂടെ പെട്ടെന്ന് ലഭിക്കുന്ന ഉയർന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.