തെലങ്കാനയിൽ സ്ത്രീകൾ നയിക്കുന്ന ഒരു സർക്കാർ സ്ഥാപനം: പ്രധാന വകുപ്പുകളിലെല്ലാം നാരികൾ

ഹൈദരാബാദ്: ഒരു സർക്കാർ സ്ഥാപനത്തിലെ എല്ലാ പ്രധാന വകുപ്പുകളും കൈകാര്യം ചെയ്യുന്നത് ഒരു കൂട്ടം സ്ത്രീകൾ തെലങ്കാനയിലെ ആദിലാബാദ് കലക്‌ടറേറ്റിലാണ് എല്ലാ പ്രധാന വകുപ്പുകളും സ്ത്രീകൾ കൈകാര്യം ചെയ്യുന്നത്. കലക്‌ടറേറ്റിലെ എ മുതൽ എച്ച് വരെയുള്ള എല്ലാ വകുപ്പുകളുടെയും തലപ്പത്ത് ഇപ്പോൾ സ്ത്രീകളാണുള്ളത്. സമീപകാലങ്ങളിലുണ്ടായ സ്ഥലം മാറ്റങ്ങളെ തുടർന്നാണ് ഇത്രയധികം സ്ത്രീകൾ കലക്‌ടറേറ്റിലെ വിഭാഗങ്ങളിലെത്തിയത്.ആദിലാബാദ് അഡിഷണൽ കലക്‌ടർ ശ്യാമള ദേവിയുടെ നേതൃത്വത്തിൽ റവന്യൂ അടക്കമുള്ള ഭരണ കാര്യങ്ങൾ കാര്യക്ഷമമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും വനിതാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിട്ടുള്ളത്. റവന്യൂ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന അഡിഷണൽ കലക്‌ടറായാണ് ശ്യാമള ദേവി ജില്ലയിൽ പ്രവർത്തിക്കുന്നത്.ആദിലാബാദ് കലക്‌ടറേറ്റിലെ ഏകോപനവും സുഗമമായ പ്രവർത്തനവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ വർണയാണ്. കലക്‌ടറേറ്റിലെ എ,ബി,ഇ,ജി എന്നീ നാല് പ്രധാന വിഭാഗങ്ങളുടെ സൂപ്രണ്ടായും വർണ പ്രവർത്തിക്കുന്നു. ആദിലാബാദ് കലക്‌ടറേറ്റിലെ സി വിഭാഗത്തിൻ്റെ സൂപ്രണ്ടായി പ്രവർത്തിക്കുന്നത് ശ്രീവാണിയാണ്. ഡി വിഭാഗത്തിൽ കവിത, എഫ് വിഭാഗത്തിൽ ഷൈലജ, എച്ച് വിഭാഗത്തിൽ പഞ്ച്പൂള എന്നിവരും പ്രവർത്തിക്കുന്നു. വനിതാ ഉദ്യോഗസ്ഥരുടെ പ്രബലമായ സംഘം ജില്ലാ തലത്തിൽ സർക്കാർ നയങ്ങളും പൊതുജനക്ഷേമ പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കൽ ഉറപ്പാക്കുന്നു.അടിസ്ഥാന ജീവനക്കാർ മുതൽ അഡിഷണൽ കലക്‌ടർ വരെയുള്ള തസ്‌തികകളിൽ 33 ജീവനക്കാരാണ് ആദിലാബാദ് കലക്‌ടറേറ്റിൽ ഉള്ളത്. ഇതിൽ 21 പേരും സ്ത്രീകളാണ്. ആകെ ജീവനക്കാരുടെ മൂന്നിൽ രണ്ടും സ്ത്രീകളാണ്. ഇതിൽ അഞ്ച് സ്ത്രീകളെ അടുത്തിടെ ഗ്രൂപ്പ്-4ലെ റിക്രൂട്ട്‌മെൻ്റിലൂടെയാണ് നിയമിച്ചത്. ഇത് ഭരണപരമായ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ കാരണമായി.
സ്ത്രീകളുടെ പ്രതിനിധ്യം തൊഴിലിടങ്ങളിലെ അന്തരീക്ഷ ഘടനയിൽ മികച്ച മാറ്റം സൃഷ്‌ടിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളിലും മെച്ചപ്പെട്ട ഏകോപനം, കാര്യക്ഷമത, എന്നിവ വർധിച്ചതായി കാണപ്പെടുന്നു. ഭരണ മേഖലയിൽ വർധിച്ചുവരുന്ന സ്ത്രീ പ്രാതിനിധ്യത്തെ മികച്ചതാക്കാൻ പ്രാപ്‌തിയാകുന്നു. തെലങ്കാനയിലെ മറ്റ് ജില്ലകൾക്ക് പിന്തുടരാൻ ഒരു പ്രചോദനാത്മക മാതൃകയാണ് ആദിലാബാദ് കലക്‌ടറേറ്റിലേതെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.